വലിയ സ്കോറുകള്‍ കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പിറക്കാത്തത് നായകന് എന്ന നിലയില്‍ സമ്മര്‍ദം ഉള്ളതുകൊണ്ടാണെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ നിരൂപണം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയുടെ ബാറ്റിങ് ഫോമിന് എന്തു പറ്റിയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഒരു കാലത്ത് നിരന്തരം സെഞ്ചുറി നേടിയിരുന്ന വിരാട് കോഹ്ലി മൂന്നക്കം കടന്നിട്ട് രണ്ട് വര്‍ഷത്തോളമാകുന്നു. വലിയ സ്കോറുകള്‍ കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പിറക്കാത്തത് നായകന് എന്ന നിലയില്‍ സമ്മര്‍ദം ഉള്ളതുകൊണ്ടാണെന്ന് സംസാരവും ക്രിക്കറ്റ് ലോകത്തുണ്ട്.
ഇത്തരം സംശയങ്ങള്‍ക്കെല്ലാം മുന്‍ ഇന്ത്യന്‍ നായകന് കപില്‍ ദേവ് ഇത്തരം സംശയങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ്. കോഹ്ലി നായകനായതിന് ശേഷം നേടിയ റണ്‍സുകള്‍ എണ്ണി പറഞ്ഞായിരുന്നു കപിലിന്റെ വിശദീകരണം. നായക സ്ഥാനത്ത് എത്തിയതിന് ശേഷം 65 ടെസ്റ്റുകളില്‍ നിന്ന് 20 സെഞ്ചുറിയടക്കം 5,500 റണ്‍സ് നേടി. ഏകദിനത്തില്‍ 95 മത്സരങ്ങളില്‍ നിന്ന് 21 സെഞ്ചുറിയടക്കം 95 റണ്‍സും.
“ഇത്രയും നാളും റണ്‍സ് നേടിയപ്പോള്‍ ആരും നായകനെന്ന നിലയിലെ സമ്മര്‍ദത്തെപ്പറ്റി സംസാരിച്ചില്ല. ഇപ്പോള്‍ ചെറുതായി ഫോം ഇല്ലാതയപ്പോഴാണ് ഇത്തരം സംശയങ്ങള്‍. നിരവധി ഇരട്ട സെഞ്ചുറിയും, സെഞ്ചുറിയുമൊക്കെ നേടിയപ്പോള്‍, അപ്പോള്‍ സമ്മര്‍ദം എവിടെ പോയി. അദ്ദേഹത്തിന്റെ നായകത്വത്തെ അല്ല നോക്കേണ്ടത്. പകരം കഴിവിനെയാണ്,” കപില്‍ പറഞ്ഞു.
“അദ്ദേഹത്തിന്റെ ഫോം കൂടുകയും കുറയുകയും ചെയ്തിട്ടുണ്ടാകാം. 28 മുതല്‍ 32 വരെയുള്ള പ്രായത്തിലാണ് ഏറ്റവും മികവ് പുലര്‍ത്താനാകുക. ഇപ്പോള്‍ കോഹ്ലി പരിചയസമ്പത്തുള്ള താരമാണ്. ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ തീര്‍ച്ചയായും കോഹ്ലി ട്രിപ്പിള്‍ സെഞ്ചുറി വരെ നേടിയേക്കാം. അദ്ദേഹത്തിന്റെ ശാരീരിക ക്ഷമതയ്ക്ക് പോലും കുഴപ്പമില്ല,” കപില്‍ ദേവ് വ്യക്തമാക്കി.