കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ വിവാദമായതിന് പിന്നാലെ കൂടുതല്‍ ബിജെപി നേതാക്കള്‍ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്ച രാവിലെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ സുരേഷ് ഗോപി എം.പി സന്ദര്‍ശിച്ചു. നേരത്തെ ബിഷപ്പിന് ഐക്യദാർഢ്യം അറിയിച്ച് കൊണ്ട് ബിജെപി നേതാക്കളായ എഎൻ രാധാകൃഷ്ണൻ, പികെ കൃഷ്ണദാസ് അടക്കമുള്ളവർ ബിഷപ്പ് ഹൗസിൽ എത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് രാജ്യസഭാംഗമായ സുരേഷ് ഗോപി എംപിയും ബിഷപ്പ് ഹൗസിൽ എത്തിയിരിക്കുന്നത്.
നാളെ അദ്ദേഹം ഡൽഹിയിലേക്ക് പോകുന്നുണ്ട്. തുടർന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. നിലവിലെ സംസ്ഥാനത്തെ വിവാദ വിഷയങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവെക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന് പിന്തുണയുമായെത്തിയ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സന്ദർശിച്ചു.
നാർക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം വന്നിരുന്നു. വിഡി സതീശൻ ഇക്കാര്യം പരസ്യമായിത്തന്നെ വ്യക്തമാക്കിയിരുന്നു. ഇതിൽ സഭയുടെ അവ്യക്തതയും അതൃപ്തിയും ഇല്ലാതാക്കാൻ വേണ്ടിയും തങ്ങളുടെ നിലപാട് സഭയെ അറിയിക്കാൻ വേണ്ടിയുമാണ് ഇരുവരും ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പിനെ സന്ദർശിക്കാൻ എത്തിയതെന്നാണ് വിവരം.
കോട്ടയത്ത് ഇരുവർക്കും ഇന്ന് യോഗങ്ങളുണ്ട്. ഡിസിസി ഭാരവാഹികളുടെ യോഗം, കെപിസിസി ഭാരവാഹികളുടെ യോഗം, യുഡിഎഫ് ജില്ലാ നേതൃയോഗം തുടങ്ങിയവ ഇന്ന് കോട്ടയത്ത് വെച്ച് നടക്കുന്നുണ്ട്. ഇതിന് മുമ്പാണ് സുധാകരനും വിഡി സതീശനും ബിഷപ്പ് ഹൗസിലെത്തിയത്.
Content Highlights: Suresh gopi MP visit pala bishop, K sudhakaran and VD satheesan visit Changanassery athirupatha arch bishop