കോട്ടയം: സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എംപി. സല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യണ്ടെന്നും അദ്ദേഹം പറഞ്ഞു. അതില്‍ രാഷ്ട്രീയ വേര്‍തിരിവ് വരുന്നത് അഗീകരിക്കില്ല. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. പാല ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
സല്യൂട്ട് വിവാദമാക്കിയതാരാണ്? ആ പോലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോ ? പോലീസ് അസോസിയേഷനാണ് പരാതി ഉന്നയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അസോസിയേഷനോ, ആരുടെ അസോസിയേഷന് എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. ‘ആ അസോസിയേഷന് ജനാധിപത്യ സംവിധാനത്തിലുള്ളതല്ല. അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാന്‍ പറ്റില്ല. അത് അവരുടെ ക്ഷേമത്തിന് മാത്രം. അതുവെച്ച് രാഷ്ട്രീയമൊന്നും കളിക്കരുത്.’- അദ്ദേഹം പറഞ്ഞു.
സല്യൂട്ട് നല്കാന് പാടില്ലെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ പറയാന്‍ പറ്റില്ല. പോലീസ് കേരളത്തിലാണ്. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഡിജിപി അല്ലേ നിര്‍ദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ട് നല്‍കണ്ട എന്നവര്‍ വിശ്വസിക്കുന്നുവെങ്കില്‍ പാര്‍ലമെന്റിലെത്തി ചെയര്മാന് പരാതി നല്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശം ഒന്നും നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹം ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. തീവ്രവാദമാണ് എന്ന് പറയുമ്പോള്‍ ഒരു വിഭാഗം അത് ഞങ്ങളെയാ ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഏറ്റെടുത്താലെങ്ങനാ?. ഒരു മതത്തിനേയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല. ചില പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടാകും.
ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രര്‍ത്തകരോട് രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ‘കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളറിഞ്ഞ് പാലാ ബിഷപ്പ് പ്രാതലിന് ക്ഷണിച്ചു. വന്നു കഴിച്ചു, സൗഹൃദം പങ്കുവെച്ചു. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. വിവാദ വിഷയങ്ങളല്ല, വിഷയങ്ങളല്ലേയുള്ളൂ. നിങ്ങളെ അറിയിക്കേണ്ടത് ഒന്നും സംസാരിച്ചില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്തത് ഒന്നും നിങ്ങളെ അറിയിക്കേണ്ടതുമല്ല.’- സുരേഷ് ഗോപി പറഞ്ഞു.
Content Highlights: Suresh Gopi on Police salute row