കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദമായതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. വിഷയത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി രക്തം നക്കിക്കുടിക്കുന്ന ചെന്നായയെ പോലെയാണ് സര്‍ക്കാര്‍ പെരുമാറിയത്. സാമുദായിക സമവായമുണ്ടാക്കേണ്ടത് സംസ്ഥാന സര്‍ക്കാരായിരുന്നുവെന്നും എന്നാല്‍ അതിനുള്ള നീക്കം നടത്താതെ രാഷ്ട്രീയ മുതലെടുപ്പിനാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മതസൗഹാര്‍ദം ഉലയ്ക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കില്ലെന്ന് സഭ വ്യക്തമാക്കിയതായും ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പിനെ പിന്തുണച്ച് ചങ്ങനാശ്ശേരി ബിഷപ്പ് മുന്‍പ് രംഗത്ത് വന്നിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സുധാകരന് ഒപ്പം ചങ്ങനാശ്ശേരിയില്‍ എത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തുമെന്നും സുധാകരന് പറഞ്ഞു. സര്‍ക്കാര്‍ ഇടപെടലുണ്ടാകാത്തതിനാലാണ് കോണ്‍ഗ്രസ് ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം വന്നിരുന്നു. വിഡി സതീശന് ഇക്കാര്യം പരസ്യമായിത്തന്നെ വ്യക്തമാക്കിയിരുന്നു. ഇതില്‍ സഭയുടെ അവ്യക്തതയും അതൃപ്തിയും ഇല്ലാതാക്കാന്‍ വേണ്ടിയും തങ്ങളുടെ നിലപാട് സഭയെ അറിയിക്കാന്‍ വേണ്ടിയുമാണ് ഇരുവരും ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ എത്തിയത്. മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് എല്ലായിപ്പോഴും ഇടപെട്ടിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന നേതാക്കളെ മാലിന്യങ്ങളെന്ന് വിളിച്ച് സുധാകരന് വീണ്ടും നിലപാട് ആവര്‍ത്തിച്ചു. പാര്‍ട്ടി വിട്ട മൂന്ന് പേരെയും നേതാക്കള്‍ എന്ന് പറയാന്‍ കഴിയില്ലെന്നാണ് സുധാകരന്റെ വാദം. എ.കെ.ജി സെന്ററിലേക്ക് പോയപ്പോള്‍ ഒരു അണി പോലും കൂടെയില്ലാത്തവരെ എങ്ങനെയാണ് നേതാവ് എന്ന് വിളിക്കുന്നതെന്നും സുധാകരന് ചോദിച്ചു.
Content Highlights: K Sudhakaran against State Government in Narcotic Jihad remark