കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം. റോയ് (82) അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ ശനിയാഴ്ച പകല്‍ മൂന്നുമണിയോടെ ആയിരുന്നു അന്ത്യം. പത്രപ്രവര്ത്തകന്, കോളമിസ്റ്റ്, പ്രഭാഷകന്‍, അധ്യാപകന്, നോവലിസ്റ്റ് എന്നീ നിലകളില്‍ തിളങ്ങിയിട്ടുണ്ട്.
1961-ല്‍ കേരളപ്രകാശം എന്ന പത്രത്തില്‍ സഹപത്രാധിപരായാണ് റോയ്, മാധ്യമജീവിതത്തിന് തുടക്കം കുറിച്ചത്. ദേശബന്ധു, കേരളഭൂഷണം, എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ ദിനപത്രങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം യു.എന്‍.ഐ. വാര്‍ത്താ ഏജന്‍സിയിലും ജോലി ചെയ്തിട്ടുണ്ട്. മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്രപ്രവര്‍ത്തനരംഗത്തുനിന്ന് വിരമിച്ച റോയ്, ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങള്‍ എഴുതിയിരുന്നു.
ഇരുളും വെളിച്ചവും, കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാന് എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തന മേഖലയിലെ മികവിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രഥമ സി.പി ശ്രീധരമേനോന് സ്മാരക മാധ്യമ പുരസ്കാരം, ശിവറാം അവാര്‍ഡ്, അമേരിക്കന്‍ ഫൊക്കാന അവാര്‍ഡ്, സഹോദരന് അയ്യപ്പന് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
content highlights: km roy passes away