തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംഭരണത്തിന് കെഎസ്ആര്‍ടിസി ബസ്സുകളേയും ഡ്രൈവര്‍മാരേയും ഉപയോഗിക്കാമെന്ന കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവിനെതിരേ തൊഴിലാളി യൂണിയനുകള്‍. കെഎസ്ആര്‍ടിസിക്ക് അധികവരുമാനം നേടാമെന്ന് ചൂണ്ടിക്കാട്ടി ബിജു പ്രഭാകര്‍ തദ്ദേശസ്വയംഭരണ വകുപ്പിന് അയച്ച ശുപാര്‍ശയാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസ്സുകള്‍ മാലിന്യസംഭരണത്തിനായി ഉപയോഗിക്കാനും ഡ്രൈവര്‍മാരെ ഈ സേവനത്തിനായി നിയോഗിക്കാനുമായിരുന്നു ശുപാര്‍ശ. ഇതിനെതിരേയാണ് തൊഴിലാളി യൂണിയന് രംഗത്തെത്തിയത്.
പി.എസ്.സി പൊതുപരീക്ഷ ഉള്‍പ്പെടെയുള്ള കടമ്പകള്‍ കടന്നാണ് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരെ നിയമിക്കുന്നത്. ഇവരെ മാലിന്യ സംഭരണത്തിന് ഉപയോഗിക്കുന്നത് ന്യായമല്ലെന്നുമാണ് തൊഴിലാളി യൂണിയനുകള്‍ പറയുന്നത്. ഇത് കാണിച്ച് യൂണിയന് എംഡിക്ക് കത്തയച്ചിട്ടുണ്ട്.
അതേസമയം, വരുമാനം ഉണ്ടാക്കാനുള്ള ഒരു ശുപാര്‍ശ മാത്രമായിരുന്നു അതെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നും എംഡി ബിജു പ്രഭാകര്‍ പ്രതികരിച്ചു.
നേരത്തെ കെഎസ്ആര്‍ടിസി കോംപ്ലക്സുകളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് ആരംഭിക്കാനുള്ള നീക്കവും വിവാദമായിരുന്നു. പിന്നാലെയാണ് മാലിന്യസംഭരണത്തിനുള്ള ശുപാര്‍ശയും വിവാദത്തിന് വഴിതുറന്നിരിക്കുന്നത്.