സ്കൂളുകള്‍ തുറക്കുന്നത് ഒന്നരവര്‍ഷത്തിനുശേഷം
തീരുമാനം കോവിഡ് അവലോകന യോഗത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച സ്കൂളുകള്‍ ഏകദേശം ഒന്നരവര്‍ഷത്തിനുശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശവും ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടത് എന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.
സ്കൂളുകള്‍ തുറക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുമായി വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
പ്രൈമറിതലത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനിടയില്ലെന്നാണ് സൂചന. ഒന്‍പതു മുതലുള്ള ക്ലാസുകളില്‍ അധ്യയനം ആരംഭിക്കുന്നതാണ് നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്നാണ് വിവരം.
കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നുണ്ട്. മാത്രമല്ല, സെപ്റ്റംബര്‍ 30-നകം 18 വയസ്സുപൂര്‍ത്തിയായ മുഴുവന്‍പേര്‍ക്കും ആദ്യഡോസ് വാക്സിന് നല്‍കുക എന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ആദ്യ ഡോസ് വാക്സിനേഷന് 82 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞിട്ടുമുണ്ട്.
content highlights: schools to open on november first