കൊവിഡ് ടെസ്റ്റുകള്‍ അവസാനിപ്പിക്കണം
രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഡെപ്യൂട്ടി മന്ത്രിയുടെ പരാമര്‍ശം. നിലവിലെ കൊവിഡ് പ്രതിരോധ രീതികളില്‍ പുനരാലോചന വേണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളില്‍ ഭൂരിപക്ഷം പേരും വാക്സിന് സ്വീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് എല്ലാവരെയും പിടിച്ച് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്ന രീതി നിര്‍ത്തലാക്കുന്നതിനെ കുറിച്ച് ആലോചിക്കണം. ഒരു പകര്‍ച്ച വ്യാധി എന്ന രീതിയില്‍ കൊവിഡിനെ സമീപിക്കുന്ന രീതി മാറ്റി ജനങ്ങള്‍ക്ക് അതു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പഠനങ്ങള്‍ ബൂസ്റ്റര്‍ ഡോസിനെ പിന്താങ്ങുന്നില്ല
കൊവിഡ് വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ച് ആഗോള തലത്തില്‍ നടക്കുന്ന പഠനങ്ങളും എല്ലാ വിഭാഗം ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്ന് പറയുന്നില്ലെന്ന് പകര്‍ച്ച വ്യാധി പ്രതിരോധ വിദഗ്ധന്‍ ഡോ. അഹ്മദ് അല്‍ ഹകാവിയും അഭിപ്രായപ്പെട്ടു. ആറു മാസം മുമ്പ് വാക്സിന് എടുത്ത ആറു രാജ്യങ്ങളിലെ 45,000 പേരില്‍ നടത്തിയ പഠനത്തില്‍ രണ്ട് ഡോസ് വാക്സിന് തന്നെ കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രാപ്തമാണെന്നാണ് കണ്ടെത്തിയത്. വാക്സിന്റെ രോഗ പ്രതിരോധ ശേഷിയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും കൊവിഡ് ബാധ മൂലമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തടയുന്നതില്‍ അത് ഏറെക്കുറെ പൂര്‍ണമായും ഫലപ്രദമാണെന്നാണ് പഠനത്തിലെ കണ്ടെത്തലെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് ഡോസ് വാക്സിന് ലഭിച്ചത് 1.75 കോടി പേര്‍ക്ക്
സൗദിയില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 1.75 കോടി ജനങ്ങള്‍ക്ക് ഇതിനകം രണ്ട് ഡോസ് വാക്സിന് വിതരണം ചെയ്തു കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3.5 കോടി ജനങ്ങളുള്ള സൗദിയുടെ ജനസംഖ്യയുടെ പകുതിയേക്കാള്‍ കൂടുതല്‍ വരുമിത്. 2.3 കോടിയിലേറെ ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്സിന് ലഭിച്ചു. രാജ്യത്ത് ഇതിനകം നാലു കോടിയിലേറെ വാക്സിന് ഡോസുകളാണ് വിതരണം ചെയ്തതെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കി.
ഒക്ടോബര്‍ 31നകം 70% പേര്‍ക്കും രണ്ടാം ഡോസ്
രാജ്യത്തെ വാക്സിനേഷന് ക്യാംപയിന് നിലവിലെ വേഗതയില്‍ തുടരുകയാണെങ്കില്‍ അടുത്ത മാസം 31ഓടെ സൗദിയിലെ 70 ശതമാനം പേര്‍ക്കും കൊവിഡ് വാക്സിന്റെ രണ്ടാം ഡോസും നല്‍കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. നിലവില്‍ പ്രതിദിനം ശരാശരി നാലര ലക്ഷത്തിലേറെ വാക്സിന് ഡോസുകളാണ് രാജ്യത്തിലെ 587 വാക്സിനേഷന് കേന്ദ്രങ്ങള്‍ വഴി നല്‍കിവരുന്നത്. വാക്സിന് എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം സിഹത്തീ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സാമൂഹിക പ്രതിരോധ ശേഷി നേടുന്ന കാര്യത്തില്‍ ഭരണകൂടവുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. സ്കൂള്‍ തുറന്ന സാഹചര്യത്തില്‍ അധ്യാപരുള്പ്പെടെയുള്ള ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാക്സിനേഷന് മുന്‍ഗണന ലഭിക്കുന്ന രീതിയില്‍ തവക്കല്‍നാ ആപ്പില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.
വാക്സിന് ഡോസുകള്‍ മാറി എടുക്കുന്നത് ഗുണകരം
അതേസമയം, വ്യത്യസ്ത വാക്സിന് ഡോസുകള്‍ സ്വീകരിക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ലെന്നും അത് കൊവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ഫലപ്രാപ്തി നല്‍കുകയാണ് ചെയ്യുകയെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാന്‍ ഇങ്ങനെ ഡോസുകള്‍ മാറി എടുക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനങ്ങളില്‍ നിന്ന് വ്യക്തമാണ്. നിലവില്‍ ഓക്സ്ഫോഡ് ആസ്ട്രസെനക്ക, ഫൈസര്‍ ബയോണ്‍ടെക്, ജോണ്സണ് ആന്റ് ജോണ്സണ്, മൊഡേണ, സിനോഫാം, സിനോവാക് എന്നീ വാക്സിനുകളാണ് സൗദിയില്‍ വിതരണം ചെയ്യുന്നത്. അതേസമയം, സിനോഫാമിന്റെയും സിനോവാകിന്റെയും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ മറ്റേതെങ്കിലും വാക്സിന്റെ ഒരു ഡോസ് കൂടി സ്വീകരിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi experts say booster dose is unnecessary vaccination will be 70 percent by october
Malayalam News from malayalam.samayam.com, TIL Network