തിരുവനന്തപുരം: 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ മ്യൂസിയം പോലീസ് സ്റ്റേഷനടുത്ത് പബ്ലിക് ഓഫീസിന് മുന്നില്‍ കാറിടിക്കുന്നു. വാഹനം ഓടിച്ചിരുന്നത് യുവ ഐ.എ.എസ്. ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്. ഒപ്പമുണ്ടായിരുന്നത് സുഹൃത്ത് വഫ. ബഷീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
വിവാദം
ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ച് അതിവേഗത്തില്‍ വാഹനമോടിച്ചു
വാഹനമോടിച്ചത് ഒപ്പമുണ്ടായിരുന്ന സ്ത്രീയാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു
രക്തപരിശോധനയ്ക്ക് നിന്നില്ല
അപകടത്തെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീറാം അനുമതിയില്ലാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനുള്ള രക്ത പരിശോധന നടത്തുന്നതിനും സമ്മതിച്ചില്ല. പ്രതിഷേധങ്ങളെത്തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയ ശേഷമാണ് രക്തം പരിശോധനയ്ക്കായി എടുത്തത്. ഇതിനിടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആശുപത്രിയിലായിരുന്ന ശ്രീറാം പിന്നീട് അറസ്റ്റിലായി. മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ അദ്ദേഹത്തെ ആംബുലന്‍സിലെത്തി പരിശോധിച്ച മജിസ്ട്രേറ്റ് തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശ്രീറാമിന് മറവി രോഗമുണ്ടെന്ന തരത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ റിപ്പോര്‍ട്ടും വിവാദമായി. തുടര്‍ന്ന് ശ്രീറാം സസ്പെന്‍ഷനിലുമായി.
ഒളിച്ചുകളി
കേസ് രജിസ്റ്റര്‍ ചെയ്തത് മ്യൂസിയം പോലീസ്.
പ്രതികളുമായി ഒത്തുകളിച്ചുവെന്ന ആരോപണം വന്നതോടെ പ്രത്യേക അന്വേഷണ സംഘം
വണ്ടിയോടിച്ചത് ശ്രീറാം തന്നെയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി
ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നുവെന്ന കെമിക്കല്‍ പരിശോധനാ ലാബിന്റെ റിപ്പോര്‍ട്ട്
കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷം
2020 ഫെബ്രുവരി ഒന്നിന് കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീറാം ഒന്നാംപ്രതിയും വഫ രണ്ടാംപ്രതിയും. മദ്യപിച്ച് അതിവേഗത്തില്‍ കാറോടിച്ചതാണ് അപകട കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. ശ്രീറാമിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയും വഫയ്ക്കെതിരേ പ്രേരണാക്കുറ്റവും.
അപകടദൃശ്യം ആവശ്യപ്പെട്ട് പ്രതി
2020 ഫെബ്രുവരി 24-ന് രണ്ടുപ്രതികള്‍ക്കും ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്കി
അപകടദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളുടെ പകര്‍പ്പ് വേണമെന്ന് ശ്രീറാം കോടതിയില്‍ ആവശ്യപ്പെട്ടു
പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇത് നല്‍കുന്നതിന് സമയമെടുത്തു. തുടര്‍ന്ന് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റി. വിവിധ കാരണങ്ങളാല്‍ പലപ്പോഴും പ്രതികള്‍ കോടതിയില്‍ എത്തിയില്ല
ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ തടഞ്ഞു
കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്മേല് വാദം ബോധിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ജൂലായ് 27-ന് ശ്രീറാം വെങ്കിട്ടരാമനും വഫയും ഹാജരായി. കോടതിയിലെത്തിയ ശ്രീറാമിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതിനെതിരേ ചില അഭിഭാഷകര്‍ തിരിഞ്ഞു. സിറാജ് ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനമേറ്റു.
ശ്രീറാം തിരികെ സര്‍വീസില്‍
2019 ഓഗസ്റ്റ് അഞ്ചിന് സസ്പെന്‍ഷനിലായ ശ്രീറാം 2020 മാര്‍ച്ചില്‍ തിരികെ സര്‍വീസിലെത്തി. ആരോഗ്യവകുപ്പില്‍ ജോയന്റ് സെക്രട്ടറിയായി. വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതിനുള്ള ഫാക്ട് ചെക്ക് വിഭാഗത്തില്‍ ആരോഗ്യവകുപ്പ് പ്രതിനിധി.
ഇപ്പോള്‍ സംസ്ഥാന കോവിഡ് ഡേറ്റ മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍
നീതി വൈകുന്നു
കെ.എം. ബഷീറിന്റെ കൊലപാതകക്കേസില്‍ മെല്ലെപ്പോക്കാണ്. നീതി വൈകുന്നത് വലിയ പ്രയാസമുണ്ടാക്കുന്നു. കോടതിയില്‍ പ്രതീക്ഷയുണ്ടെങ്കിലും കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയുണ്ട്. മാധ്യമ പ്രവര്‍ത്തകരാണ് തുടക്കത്തില്‍ വലിയ പിന്തുണ നല്‍കിയത്. ഇപ്പോഴത് കുറഞ്ഞു.
കെ. അബ്ദുറഹിമാന്
(കെ.എം. ബഷീറിന്റെ സഹോദരന്)
Content Highlights: 25 months since journalist KM Basheer was killed in an accident