ഹൈസ്കൂളില്‍ നിന്ന് സാമാന്യം ഭേദപ്പെട്ട മാര്‍ക്കോടെ പാസ്സായ മകനെ വീണ്ടും ഹൈസ്കൂളില്‍ തന്നെ പഠിപ്പിക്കാനായിരുന്നു അച്ഛന്റെ ശ്രമം
ദുബായ്: ഹൈസ്കൂള്‍ പാസ്സായെങ്കിലും അതേ ക്ലാസ്സില്‍ തന്നെ വീണ്ടും പഠിക്കാന്‍ അച്ഛന് നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി പതിനേഴുകാരൻ. ദുബായ് പോലിസിനെയാണ് വിചിത്ര പരാതിയുമായി വിദ്യാര്‍ഥി സമീപിച്ചിരിക്കുന്നത്. സ്വന്തം പിതാവിനെതിരേ മകന് നല്കിയ പരാതിയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ സങ്കടത്തിന്റെ ആഴം പോലിസിന് മനസിലായത്. അവസാനം അധികൃതര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തു.
താന്‍ പഠിച്ച കോളേജില്‍ തന്നെ മകനും പഠിക്കണം
ഹൈസ്കൂളില്‍ നിന്ന് സാമാന്യം ഭേദപ്പെട്ട മാര്‍ക്കോടെ പാസ്സായ മകനെ വീണ്ടും ഹൈസ്കൂളില്‍ തന്നെ പഠിപ്പിക്കാന്‍ അച്ഛന് നിര്‍ബന്ധിച്ചതിന്റെ കാരണം മറ്റൊന്നുമല്ല. തന്നെപ്പോലെ മകനും തന്റെ അതേ മേഖലയില്‍ ജോലി ചെയ്യണം. അതിന് താന്‍ പഠിച്ച മികച്ച കോളേജില്‍ ചേര്‍ന്ന് അവിടത്തെ പ്രത്യേക കോഴ്സ് തന്നെ പഠിക്കണം. പക്ഷെ മകന്റെ നിലവിലെ മാര്‍ക്ക് വെച്ച് കോളേജില്‍ അഡ്മിഷന് കിട്ടില്ല. അതുകൊണ്ടാണ് ഒരു വട്ടം കൂടി പരീക്ഷ എഴുതി മികച്ച മാര്‍ക്കോടെ വിജയിക്കാനാണ് അച്ഛന് മകനെ നിര്‍ബന്ധിച്ചത്.
അച്ഛന്റെ മേഖലയില്‍ മകന് താല്പര്യമല്ല
പിതാവിനോടുള്ള ഇഷ്ടക്കുറവായിരുന്നില്ല അമ്മയോടൊപ്പം ചെന്ന് പിതാവിനെതിരേ പോലിസില്‍ പരാതി നല്കാന് മകനെ പ്രേരിപ്പിച്ചത്. മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥനായ അച്ഛന്റെ ജോലിയില്‍ മകന് അഭിമാനവുമുണ്ട്. പക്ഷേ അച്ഛന് പറയുന്ന കോഴ്സിന് പഠിക്കാന്‍ താല്പര്യമില്ല. എത്ര ശ്രമിച്ചിട്ടും ആ വിഷയത്തില്‍ നല്ല മാര്‍ക്ക് വാങ്ങാന്‍ കഴിയുന്നുമില്ല. അച്ഛന്റെ നിര്‍ബന്ധം സഹിക്കാനാവാതെ വന്നതോടെയാണ് 17കാരന് പരാതി നല്കാന് തീരുമാനിച്ചത്. പരാതി ലഭിച്ച ഉടന്‍, പോലിസ് ഉപവിഭാഗമായ വനിതാ ശിശു സംരക്ഷണ വകുപ്പിന് വിഷയം കൈമാറുകയായിരുന്നു.
മകന്റെ അഭിപ്രായം മാനിക്കണം
കേസില്‍ ഇടപെട്ട അധികൃതര്‍ ഇരുവരുമായും സംസാരിച്ച് ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. വദീമ നിയമം എന്ന പേരില്‍ അറിയപ്പെടുന്ന ബാലാവകാശ സംരക്ഷണ നിയമപ്രകാരം മാതാപിതാക്കള്‍ കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുകയും ചെയ്യണമെന്ന് ശിശു സംരക്ഷണ വകുപ്പ് അധ്യക്ഷ മൈസ മുഹമ്മദ് അല്‍ ബലൂഷി പിതാവിനെ ധരിപ്പിച്ചു. മക്കള്‍ വലിയ നിലയിലെത്തണമെന്ന് രക്ഷിതാക്കള്‍ക്ക് ആഗ്രഹമുണ്ടാവാമെങ്കിലും അത് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതി ശരിയല്ലെന്നും പിതാവിനെ ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തി.
ഒടുവിൽ അനുവാദം
കൗണ്‍സലിംഗിനെ തുടര്‍ന്ന് കോളേജില്‍ ചേര്‍ന്ന് തനിക്കിഷ്ടപ്പെട്ട വിഷയം പഠിക്കാന്‍ മകന് അച്ഛന് അനുവാദം നല്കി. അതോടൊപ്പം ജീവിതത്തില്‍ സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ മാതാപിതാക്കളുടെ അഭിപ്രായം കൂടി തേടണമെന്ന് മകനെ ഉപദേശിക്കാനും ഉദ്യോഗസ്ഥര്‍ മറന്നില്ല. കേസ് കോടതിയിലെത്താതെ തീര്‍പ്പാക്കിയതിന്റെ സന്തോഷത്തിലാണ് വകുപ്പിലെ ഉദ്യോഗസ്ഥരും പോലിസും. കുട്ടിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനായി അച്ഛന്റെ പേരോ ജോലിയോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : teenager boy files case against his father in dubai who tried to force him to repeat high school
Malayalam News from malayalam.samayam.com, TIL Network