രാജസ്ഥാന്റെ യുവ താരങ്ങളായ മഹിപാൽ ലോംറോറിന്റെയും യശ്വസി ജയ്സ്വാളിന്റെയും ബാറ്റിങ് മികവിലാണ് ടീം ഭേദപ്പെട്ട സ്കോർ കുറിച്ചത്
ദുബായ്: രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സിന് 186 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ 185 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. രാജസ്ഥാന്റെ യുവ താരങ്ങളായ മഹിപാൽ ലോംറോറിന്റെയും യശ്വസി ജയ്സ്വാളിന്റെയും ബാറ്റിങ് മികവിലാണ് ടീം ഭേദപ്പെട്ട സ്കോർ കുറിച്ചത്.
പഞ്ചാബ് കിങ്സിനായി അർശ്ദീപ് സിങ് അഞ്ച് വിക്കറ്റും മുഹമ്മദ് ഷമ്മി മൂന്ന് വിക്കറ്റും ഇഷാൻ പോറൽ, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റും നേടി.
രാജസ്ഥാന് വേണ്ടി അരങ്ങേറ്റ താരം എവിൻ ലൂയിസും (21 പന്തിൽ 36) യശ്വസി ജൈസ്വാളും (36 പന്തിൽ 49) മികച്ച തുടക്കമാണ് നൽകിയത്. അഞ്ച് ഓവറിൽ നിന്നും ഇവർ അർദ്ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ പവർപ്ളേയിലെ അവസാന ഓവറിൽ അർശ്ദീപ് സിങ്ങിന്റെ പന്തിൽ മായങ്ക് അഗർവാളിന് ക്യാച്ച് നൽകി മടങ്ങി.
പിന്നീട് വന്ന ക്യാപ്റ്റൻ സഞ്ജു സാംസണിനെ (4) നിലയുറപ്പിക്കും മുൻപേ ഇഷാൻ പോറൽ പുറത്താക്കി. പിന്നീട് എത്തിയ ലിവിങ്സ്റ്റൺ (17 പന്തിൽ 25) റൺസെടുത്ത് പുറത്തായി. ഗംഭീരമായ ഒരു ക്യാച്ചിലൂടെ ഫാബിയൻ അലനാണ് ലിവിങ്സ്റ്റണിനെ മടക്കിയത്. അതിനു ശേഷം എത്തിയ മഹിപാൽ ലോംറോർ (17 പന്തിൽ 43) കൂറ്റൻ ഷോട്ടുകളിലൂടെ രാജസ്ഥാനെ മികച്ച സ്കോറിലേക്ക് എത്തിച്ചു പുറത്തായി. അർശ്ദീപിന്റെ പന്തിൽ മാർക്രത്തിന് ക്യാച് നൽകിയായിരുന്നു മടക്കം.
രാജസ്ഥാൻ നിരയിലെ മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. റിയാൻ പരാഗ് ,രാഹുൽ തേവാട്ടിയ, ക്രിസ് മോറിസ് എന്നിവർ രണ്ടക്കം കാണാതെ പുറത്തായി.