വല്ലാതെ മടുത്തിരിക്കുമ്പോള്‍ ഒരു കപ്പ് കാപ്പി കിട്ടിയാല്‍ ഉഷാറാവാത്തവരുണ്ടോ? കടുംകാപ്പിയോ കടുപ്പം കുറഞ്ഞ ഒരു കപ്പ് കാപ്പിയോ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗവും. നമ്മുടെ ഈ ഇഷ്ടപാനീയമായ കാപ്പിയില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറന്‍സ്. കാപ്പിയുടെ ഏറെ ആരാധകരുള്ള നാടാണ് ഇറ്റലി.
ഒന്‍പത് മാസം നീളുന്നതാണ് കോഴ്സിന്റെ ദൈര്‍ഘ്യം. കാപ്പിയുടെ ചരിത്രം, രസതന്ത്രം, സാങ്കേതികവിദ്യ, സാമ്പത്തികരംഗത്ത് കാപ്പിക്കുള്ള സാധ്യതകള്‍ എന്നിവയാണ് ഇക്കാലയളവിലെ പഠനവിഷയങ്ങള്‍. കാപ്പി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ പ്രായോഗിക പരിജ്ഞാനം നേടുന്നതിന് വിദ്യാര്‍ഥികളെ ഇന്റേണ്‍ഷിപ്പിനും അയക്കും.
കോഴ്സിന്റെ ആദ്യ ബാച്ച് ഇറ്റാലിയന്‍ ഭാഷയിലായിരിക്കും കോഴ്സ് പഠിക്കുക. ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്സിന് 24 പേര് ഇതിനോടകം അഡ്മിഷന് എടുത്തു കഴിഞ്ഞു. കോഴ്സിന് കൂടുതല്‍ ആളുകള്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ ഇംഗ്ലീഷില്‍ കോഴ്സ് നല്‍കാനും യൂണിവേഴ്സിറ്റിക്ക് പദ്ധതിയുണ്ട്.
കാപ്പി ബിസിനസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കോഴ്സില്‍ കൈകാര്യം ചെയ്യുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. കാപ്പിയുടെ ഉത്ഭവം മുതല്‍ കാപ്പി കൊണ്ടുള്ള പാനീയം എങ്ങനെ വിളമ്പുമെന്ന് വരെ പഠനവിഷയമാകും.
Content highlights: the university of florence is offering a masters degree in coffee