കൊച്ചി: വ്യാജ പുരാവസ്തുക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പോലീസും മോണ്സൻ മാവുങ്ങലിന്റെ സുരക്ഷയ്ക്കായി ഒരുക്കിയ ബൗണ്‍സർമാരും തമ്മില്‍ സംഘര്‍ഷമുണ്ടായതായി ദൃക്സാക്ഷി. വീട്ടിനുള്ളില്‍ ഇരുകൂട്ടരും തമ്മില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ പോലീസ് ഫോണ്‍ ബലമായി വാങ്ങി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തെന്നും ദൃക്സാക്ഷിയായ അലികുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഭക്ഷണം കഴിച്ച് രാത്രി പുറത്തേയ്ക്കിറങ്ങിയപ്പോഴാണ് മോണ്‍സന്റെ വീട്ടില്‍നിന്ന് വലിയ ബഹളംകേട്ടത്. ഓടിച്ചെന്ന് നോക്കിയപ്പോള്‍ മോണ്‍സന്റെ ഗണ്മാന്മാരും പോലീസും തമ്മിലുള്ള അടിപിടിയാണ് കണ്ടത്. മഫ്തിയിലും യൂണിഫോമിലും പോലീസുകാരുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് മനസിലാകാത്തതിനാല് മൊബൈല്‍ ഫോണെടുത്ത് ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതുകണ്ട് രണ്ട് പോലീസുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഫോണ്‍ പിടിച്ചെടുത്തുവെന്നും അലികുമാര്‍ പറഞ്ഞു.
അല്പസമയത്തിനുശേഷം ക്രൈംബ്രാഞ്ച് സ്പെഷ്യല്‍ ഡിവൈഎസ്പിയാണെന്ന് പറഞ്ഞ് ഒരാള്‍ വന്നു തന്നോട് സംസാരിച്ചു. ഇവിടെ ചെറിയൊരു പ്രശ്നമുള്ളതിനാല്‍ വന്നതാണെന്നും ഫോട്ടൊയെടുത്തത് ശരിയായില്ലെന്നും പറഞ്ഞു. ഫോണ്‍ തിരിച്ചുവേണമെന്ന് പറഞ്ഞപ്പോള്‍ ഫോണിലെ ദൃശ്യങ്ങളെല്ലാം ഡിലീറ്റ് ചെയ്തശേഷം ഒരു വനിതാ പോലീസുകാരിയാണ് ഫോണ്‍ തിരിച്ചുതന്നതെന്നും അലികുമാര്‍ പറഞ്ഞു.
മകളുടെ വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ നിരവധി ആളുകള്‍ അന്ന് മോണ്‍സന്റെ വീട്ടില്‍ വന്നുപോയിരുന്നു. പരിപാടിക്ക് അയല്ക്കാരെയൊന്നും വിളിച്ചിരുന്നില്ല. മോണ്‍സണിന് അയല്‍വാസികളുമായി യാതൊരു ബന്ധവുമില്ലെന്നും അലികുമാര്‍ പറഞ്ഞു.
Content Highlights: monson’s bouncers and police clashed during the arrest says eyewitness