തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി നായര്‍ (81) അന്തരിച്ചു. സംസ്ഥാന സര്‍ക്കാരിലെ നിരവധി സുപ്രധാന പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. 1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
ഭരണ പരിഷ്കാര കമ്മീഷന് അംഗം, ദേവസ്വം കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കെ. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സർവീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉൾപ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വാര്‍ധക്യസഹജമായിരുന്ന രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ഹാസ്യ സാഹിത്യകാരനായിരുന്ന എന്‍.വി ചെല്ലപ്പന്‍നായരുടെ മകനാണ്. മാവേലിക്കര സ്വദേശിയാണെങ്കിലും ഏറെ നാളായി തിരുവനന്തപുരത്തായിരുന്നു താമസം.
എല്ലാകാലത്തും അഴിമതിക്കെതിരായ നിലപാടുകൾ കൈക്കൊണ്ടതുവഴി ശ്രദ്ധേയനായിരുന്നു സി.പി. നായർ. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഏറ്റവും ഒടുവില്‍ വി.എസ്. അച്യുതാനന്ദന് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്റെ ചെയര്‍മാനായിരുന്നു. കെ. കരുണാകരന്, ഇ.കെ നായനാര്‍ തുടങ്ങിയ മുഖ്യമന്ത്രിമാരുടെ കൂടെ സുപ്രധാന പദവികള്‍ വഹിച്ചു.
ദേവസ്വം കമ്മീഷണര്‍ എന്ന നിലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുന്നതിനായുള്ള നടപടികളും ശ്രദ്ധേയമായി.
Former Chief Secretary CP Nair passed away