പാലാ: നിഥിനയെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് പ്രണയ ബന്ധത്തില്‍നിന്ന് പിന്മാറിയതിലുള്ള പകയാണെന്ന് പ്രതി അഭിഷേക് പോലീസിന് മൊഴിനല്‍കി. രണ്ടുവര്ഷമായുണ്ടായിരുന്ന പ്രണയത്തില്‍നിന്ന് നിഥിന പിന്മാറിയതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി രണ്ടുപേരും പ്രണയത്തിലായിരുന്നെന്നും ഇപ്പോള്‍ പെണ്‍കുട്ടി അകല്‍ച്ച കാണിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തിലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നുമാണ് മൊഴി. കൊല്ലണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടിയെ പേടിപ്പിക്കുന്നതിന് സ്വയം കൈത്തണ്ട മുറിക്കുന്നതിനാണ് കത്തിയുമായി എത്തിയെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. സംസാരത്തിനിടെ പെട്ടെന്ന് പ്രകോപനം ഉണ്ടാവുകയും പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തി വെക്കുകയുമായിരുന്നെന്നും ഇയാള്‍ പറയുന്നു.
എന്നാൽ, കൊലപാതകത്തിനുശേഷം യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ പ്രതി കൊല നടത്തിയ സ്ഥലത്തുതന്നെ ഇരിക്കുകയായിരുന്നെന്ന് കോളേജ് അധികൃതരും സഹപാഠികളും പറഞ്ഞു. ബഹളംകേട്ട് ആളുകള്‍ ഓടിയെത്തി തൊട്ടടുത്തുതന്നെയുള്ള മരിയന്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും നിഥിനയുടെ ജീവന് രക്ഷിക്കാനായില്ല.
അമ്മയും നിഥിനയും മാത്രമാണ് വീട്ടിലുള്ളത്. രാവിലെ അമ്മയ്ക്കൊപ്പമാണ് നിഥിന പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് ഇറങ്ങിയത്. അമ്മ മറ്റൊരു ആവശ്യത്തിനായി കോട്ടയത്തേക്കും നിഥിന കോളേജിലേക്കും വന്നു. ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഒരുമിച്ചുണ്ടായിരുന്ന മകളുടെ മരണവിവരമറിഞ്ഞ് അമ്മ ആശുപത്രിയിലേക്ക് ഓടിക്കിതച്ച് എത്തുകയായിരുന്നു. മകളുടെ മരണമറിഞ്ഞ് പൊട്ടിക്കരയുന്ന അമ്മയുടെ ദൃശ്യം ഏവരുടെയും കരളലിയിക്കുന്നതായിരുന്നു.
Content Highlights: Student killed in pala st thomas college, Nithina Murder