കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോണ്സന് മാവുങ്കല്‍ നടന് വിക്രമിന്റെ പേരിലും തട്ടിപ്പ് നടത്തിയതായി ആരോപണം. മട്ടാഞ്ചേരിയിലെ പുരാവസ്തു ശാല വാങ്ങാന്‍ വിക്രമിന്റെ ബിനാമിയെന്ന പേരിലാണ് മോണ്സന് ഇവിടെ അവതരിച്ചത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു സംഭവം.
50 കോടി രൂപയ്ക്ക് സ്ഥാപനം വാങ്ങാമെന്നാണ് മോണ്സന് അറിയിച്ചതെന്ന് സ്ഥാപന ഉടമ അബ്ദുള്‍ സലാം മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. എച്ച്.എസ്.ബി.സി ബാങ്കില്‍ പണമുണ്ടെന്ന രേഖ കാണിച്ചാണ് മോണ്സന് സലാമിനെ പറ്റിച്ചത്. ഉറപ്പിച്ച കച്ചവടം നടക്കാത്തതിന്റെ പേരില്‍ സലാമിന് കോടികളുടെ നഷ്ടമുണ്ടായി.
തനിക്ക് അസുഖം വന്നതിനെ തുടര്‍ന്ന് സ്ഥാപനം വില്ക്കാന് തീരുമാനിച്ചിരുന്നു. എറണാകുളത്തെ സുഹൃത്ത് വഴിയാണ് മോണ്സന് കച്ചവടത്തിനായി എത്തിയത്. 50 കോടി രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. നടന് വിക്രമാണ് ഇതിന് പണമിറക്കുന്നതെന്നും അദ്ദേഹം ഉടന്‍ വരുമെന്നും പറഞ്ഞിരുന്നു. താന്‍ വിക്രമിന്റെ ബിനാമിയാണെന്നാണ് പറഞ്ഞിരുന്നതെന്നും സലാം കൂട്ടിച്ചേര്‍ത്തു.
ബാങ്കില്‍ പണമുണ്ടെന്ന രേഖകള്‍ കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന 50-ഓളം സ്റ്റാഫിനെ താന്‍ പറഞ്ഞുവിട്ടു. ടൂറിസം കമ്പനികളുമായും കരാറുണ്ടായിരുന്നു. പിന്നീട് അതെല്ലാം ഒഴിവാക്കേണ്ടിവന്നു. ഇത് മൂലം തനിക്ക് കോടികളുടെ നഷ്ടമുണ്ടായി’, സലാം പറയുന്നു.