തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകയുക്ത റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച സുപ്രീംകോടതി വിധി തനിക്കേറ്റ തിരിച്ചടിയല്ലെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. ലോകായുക്ത ഉത്തരവ് നടപ്പായി കഴിഞ്ഞതിനാലാണ് സുപ്രീംകോടതിയുടെ പരാമര്‍ശമെന്നും ജലീല്‍ പറഞ്ഞു.
അപേക്ഷ ക്ഷണിക്കാതെ ന്യൂനപക്ഷ കോര്പ്പറേഷന് ജനറല്‍ മാനേജറായി ജലീലിന്റെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇലോകായുക്ത സ്വാഭാവിക നീതി നിഷേധിച്ചെന്നാരോപിച്ചാണ് ജലീല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ലോകായുക്ത നടപടിയെ സുപ്രീംകോടതിയും ശരിവെച്ചതോടെ ജലീല്‍ ഹര്‍ജി പിന്‍വലിച്ചു.
ലോകയുക്ത വിധി ഹൈക്കോടതി വിധിവരുന്നതിന് മുമ്പേ നടപ്പിലാക്കി കഴിഞ്ഞു. ആ സര്‍ക്കാരിന്റെ കാലവധി കഴിഞ്ഞു. പിന്നെ എങ്ങനെയാണ് സുപ്രീംകോടതി വിധി എനിക്ക് തിരിച്ചടിയാകുകയെന്ന് ജലീല്‍ ചോദിച്ചു.
എന്റെ രാജിയോടുകൂടി ലോകായുക്ത വിധിയുടെ പ്രസക്തി അവസാനിച്ചു. എന്നെ കേള്‍ക്കാതെയാണ് വിധി പറഞ്ഞത് എന്ന പ്രയാസമാണ് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കുന്നതിന് തനിക്ക് പ്രചോദനമായതെന്നും ജലീല്‍ പറഞ്ഞു. നിയമനടപടികള്‍ ഇതോടുകൂടി അവസാനിച്ചെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.