വാട്സ്ആപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും ഇത് സംബന്ധിച്ച പ്രതികരണം വന്നിട്ടുണ്ട്
WhatsApp, Instagram and Facebook down: വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ ആപ്പുകൾ നിശ്ചലമായത് പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് മാതൃക കമ്പനിയായ ഫേസ്ബുക്ക്. ചില ഉപയോക്താക്കൾക്ക് ആപ്പ് ലഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സാധാരണ നിലയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണെന്നും ഫേസ്ബുക്ക് ട്വിറ്ററിലൂടെ അറിയിച്ചു.
“ഞങ്ങളുടെ ആപ്പുകളും ഉൽപ്പന്നങ്ങളും ആക്സസ് ചെയ്യുന്നതിൽ ചില ആളുകൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. കഴിയുന്നത്ര വേഗത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ ഞങ്ങൾ പ്രവർത്തിക്കുകയാണ്, എന്തെങ്കിലും അസൗകര്യമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.” ഫേസ്ബുക്ക് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
വാട്സ്ആപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും ഇത് സംബന്ധിച്ച പ്രതികരണം വന്നിട്ടുണ്ട്. പ്രശ്നം പരിഹരിച്ച ശേഷം അറിയിക്കാമെന്നും ട്വിറ്റർ പോസ്റ്റിലൂടെ വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ സമയം രാത്രി 9:15 ഓടെയാണ് മൂന്ന്ആപ്പുകളും പ്രവർത്തനരഹിതമായത്. വാട്സ്ആപ്പ് പ്രവർത്തനരഹിതമായതായുള്ള പരാതികളിൽ പെട്ടെന്ന് വർദ്ധനവ് ഉണ്ടായതായി ഡൗൺ ഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു. സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല, ലോഗിൻ ചെയ്യാനോ ഫീഡ് പുതുക്കാനോ നേരിട്ടുള്ള സന്ദേശങ്ങൾ (ഡിഎം) അയയ്ക്കാനോ കഴിയുന്നില്ല തുടങ്ങിയ പരാതികളാണ് ലഭിക്കുന്നത്.