വിൻഡോസ് 11 ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ തയ്യാറെടുക്കുകയാണോ? ഇപ്പോൾ അപ്ഗ്രേഡ് ചെയ്യുന്നതിനെ കുറിച്ച് ഞങ്ങൾ കരുതുന്നത് ഇതാണ്
ഈ വർഷം ഓഗസ്റ്റിലാണ് മൈക്രോസോഫ്റ്റ് വിൻഡോസ് 11 പ്രഖ്യാപിച്ചത്, നാളെ മുതൽ പുതിയ ഒഎസ് അത് സപ്പോർട്ട് ചെയ്യുന്ന ഉപകരണങ്ങളിൽ ലഭ്യമായി തുടങ്ങും. എന്നാൽ വിൻഡോസ് 11 അതിന്റെ പ്രാരംഭ ഘട്ടത്തിൽ ആയതിനാൽ ആദ്യ ദിവസങ്ങളിൽ തന്നെ അതിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ടോ?
കമ്പ്യുട്ടറുകൾക്കായി ഒരുക്കിയിട്ടുള്ള മൈക്രോസോഫ്റ്റിന്റെ ഏറ്റവും സുരക്ഷിതമായ ഓപ്പറേറ്റിങ് സിസ്റ്റമാണ് വിൻഡോസ് 11, വെർച്വലൈസേഷൻ അധിഷ്ഠിത സുരക്ഷ (വിബിഎസ്) പോലുള്ള പ്രധാന സവിശേഷതകൾ ഇതിലുണ്ട്. എന്നാൽ, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വിബിഎസ് നിങ്ങളുടെ സിസ്റ്റത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നാണ്, പ്രത്യേകിച്ചും ഗെയിം കളിക്കുന്നവർക്ക്.
വിൻഡോസ് 11 ഗെയിമാർമാർക്ക്
പിസി ഗെയിമറിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, കമ്പ്യുട്ടറിന്റെ പ്രകടനത്തിൽ ഏകദേശം 25 ശതമാനത്തോളം കുറവുണ്ടാകും, ഇത് നിങ്ങളുടെ ഫ്രെയിം നിരക്കിനെ ബാധിക്കാൻ പര്യാപ്തമാണ്. എന്നാൽ, പുതിയ വിൻഡോസ് 11 പിസികളെക്കുറിച്ചാണ് ഈ ആശങ്ക നിലനിൽക്കുന്നത്. വിൻഡോസ് 10ൽ നിന്നും 11ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നവയിൽ വിബിഎസ് ഡിസേബിൾഡ് ആയിരിക്കും.
“വിൻഡോസ് 11 ലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ വിബിഎസ് ആവശ്യമില്ലെങ്കിലും, അത് വാഗ്ദാനം ചെയ്യുന്ന സുരക്ഷാ ആനുകൂല്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, വിൻഡോസ് 11 പ്രവർത്തിക്കുന്ന ഓരോ പിസിക്കും ഡിഒഡി ആശ്രയിക്കുന്ന അതേ സുരക്ഷ ഉറപ്പാക്കാൻ മിനിമം സിസ്റ്റം ആവശ്യകതകൾ ഞങ്ങൾ ആഗ്രഹിക്കുന്നു,” മൈക്രോസോഫ്റ്റ് വിൻഡോസ് 11 നുള്ള ടിപിഎം 2.0 ആവശ്യകത വിശദീകരിക്കുന്ന മുൻ പോസ്റ്റുകളിൽ ഒന്നിൽ പറഞ്ഞു.
“ഓഇഎം, സിലിക്കൺ പങ്കാളികളുമായി ചേർന്ന്, അടുത്ത വർഷം ഈ സമയത്ത് പുതിയ പിസികളിൽ ഞങ്ങൾ വിബിഎസ്, എച്വിസിഐ എന്നിവ കൊണ്ടുവരും. കാലക്രമേണ കൂടുതൽ സിസ്റ്റങ്ങളിൽ വിബിഎസ് വികസിപ്പിക്കാനുള്ള അവസരങ്ങൾ ഞങ്ങൾ തേടും, ”പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഗെയിമുകൾ കളിക്കാത്തവർക്ക്?
നിങ്ങൾ ഗെയിമുകൾ കളിക്കാത്തവരാണെങ്കിലും വിൻഡോസ് 11 ഇപ്പോൾ നല്ല തീരുമാനം ആയിരിക്കണമെന്നില്ല. വിൻഡോസ് 11-ൽ വിൻഡോസ് 10 ലേക്കാൾ ധാരാളം നല്ല ഫീച്ചറുകളും വിഷ്വൽ അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ശരാശരി ഉപഭോക്താവിന് നിർണായകമായ പുതിയ സവിശേഷതകൾ ഉണ്ടാകണമെന്നില്ല.
നിങ്ങളുടെ പിസിയിൽ ഇപ്പോൾ വിൻഡോസ് 10 സുഗമമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ, ഒരു അപ്ഗ്രേഡിനായി തിരക്കുകൂട്ടുന്നത് നല്ലതായിരിക്കില്ല. വിൻഡോസ് 10 നിറയെ സവിശേഷതകൾ നിറഞ്ഞതും 2025 വരെ സുരക്ഷാ അപ്ഡേറ്റുകൾ പിന്തുണയ്ക്കുന്നതുമാണ്, അതുകൊണ്ട് തന്നെ നിങ്ങൾക്ക് വിൻഡോസ് 11 ലേക്ക് മാറാൻ ധാരാളം സമയമുണ്ട്.
Also Read: Windows 10: ടാസ്ക്ബാറിൽ നിന്ന് വെതറും ന്യൂസ് വിഡ്ജറ്റും എങ്ങനെ നീക്കം ചെയ്യാം
കൂടാതെ, പ്രധാന സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ആദ്യ ആഴ്ചകളിൽ ചില ബഗുകളുമായാകും വരിക, വിൻഡോസ് 11 ലേക്കുള്ള സൗജന്യ അപ്ഗ്രേഡ് ഘട്ടങ്ങളായി നടക്കുന്നതിന്റെ പ്രധാന കാരണം അതാണ്. ചിലപ്പോൾ ഒരു സൗജന്യ വിൻഡോസ് 11 അപ്ഡേറ്റ് ലഭിക്കുന്നതിന് മാസങ്ങൾ കഴിഞ്ഞേക്കാം, കാത്തിരിപ്പ് ഒരു മോശം കാര്യമല്ല. എന്നാൽ ഒക്ടോബർ 5 ന് ഇറങ്ങുന്ന ബിൽഡ് റിലീസ് ഉപയോഗിക്കുന്നതിനേക്കാൾ സ്ഥിരതയുള്ള ഓഎസ് പ്രവർത്തിക്കുന്നതാകും കൂടുതൽ ഉത്തമം.
How to upgrade to Windows 11? – വിൻഡോസ് 11 ലേക്ക് എങ്ങനെ അപ്ഗ്രേഡ് ചെയ്യാം?
വിൻഡോസ് 11ന്റെ നല്ല വശങ്ങളും മോശം വശങ്ങളും മനസിലാക്കി നിങ്ങൾ അപ്ഡേറ്റുമായി മുന്നോട്ട് പോകാൻ തയ്യാറാകുകയാണെങ്കിൽ, സെറ്റിങ്സ്> അപ്ഡേറ്റ് & സെക്യൂരിറ്റി> വിൻഡോസ് അപ്ഡേറ്റ് എന്നതിലേക്ക് നാവിഗേറ്റ് ചെയ്തുകൊണ്ട് നിങ്ങൾക്ക് പുതിയ അപ്ഡേറ്റ് ഓപ്ഷൻ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാം. അപ്ഡേറ്റ് ലഭ്യമാണെങ്കിൽ, അത് ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനുമുള്ള ഓപ്ഷൻ കാണാനാകും.
അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമല്ലെങ്കിൽ, നിങ്ങളുടെ പിസി വിൻഡോസ് 11 പ്രവർത്തിപ്പിക്കാൻ യോഗ്യമായതാണോയെന്ന് പരിശോധിക്കുക.