മലപ്പുറം: അരി സമ്പുഷ്ടീകരിക്കുന്നതിന് ശാസ്ത്രീയമായ നിബന്ധനകള്‍ കൊണ്ടുവരാന്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ തീരുമാനം. ഇതിനായി ഒരു വിദഗ്ധപാനല്‍ രൂപവത്കരിക്കും. 2024 വര്‍ഷത്തോടെ പോഷകദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സമ്പുഷ്ടീകരണം.
നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് ഇന്ത്യക്കാര്‍ക്ക് ഭക്ഷണത്തിലൂടെ ആറുമുതല്‍ എട്ടുശതമാനംവരെ മാത്രമേ പ്രോട്ടീന്‍ ലഭിക്കുന്നുള്ളൂ. അത് അപര്യാപ്തമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് കൂടുതലാളുകള്‍ ഉപയോഗിക്കുന്ന അരിയില്‍ അധികപോഷകങ്ങള്‍ ചേര്‍ത്ത് വിപണിയിലിറക്കുന്നത്. ഇതിന് ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അനുമതിനല്‍കിയിട്ടുണ്ട്.
ഇരുമ്പ്, ഫോളിക്, വിറ്റാമിന്‍ ബി 12, സിങ്ക് തുടങ്ങിയവയാണ് അരിയില്‍ ചേര്‍ക്കുക. ഇത് അരിയുടെ മുകളില്‍ പാളികളായോ അരിയുടെ രൂപത്തിലോ ചേര്‍ക്കും. നിലവില്‍ അരിയുടെ സമ്പുഷ്ടീകരണനിരക്ക് 1:50 മുതല്‍ 1:200 വരെയാണ്. ഇതില്‍ മാറ്റംവേണമോ എന്ന് വിദഗ്ധസമിതി തീരുമാനിക്കും.
മറ്റു ഭക്ഷ്യവസ്തു പായ്ക്കറ്റുകളില്‍ അതിലെ കൊഴുപ്പിന്റെയും ഗ്ലൂക്കോസിന്റെയും കലോറിയുടെയും അളവ് സൂചിപ്പിക്കുന്നപോലെ അരിച്ചാക്കിനു മുകളിലും വേണമോ എന്നും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിനായി ഉപഭോക്താക്കളുടെ അഭിപ്രായം അറിയാന്‍ സര്‍വേ നടത്താന്‍ അഹമ്മദാബാദ് ഐ.ഐ.എമ്മിനോട് ഫസ്സായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിനു ശേഷമേ സമ്പുഷ്ടീകരണം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കൂ. അതേസമയം സമ്പുഷ്ടീകരണം ഗുണംചെയ്യില്ലെന്നും ദോഷമുണ്ടാക്കുമെന്നുമുള്ള വാദമുണ്ട്. നാടന്‍ നെല്ലിനങ്ങളില്‍ പലതിലും ആവശ്യത്തിനുള്ള പോഷകങ്ങളുണ്ടെന്നാണ് അവരുടെ അഭിപ്രായം.
Content Highlights: Extra nutrients should be added to the rice, Food, Health