തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപോയി. കേസിലെ പ്രതിയായ മോണ്സന് മാവുങ്കലിനെ കുറിച്ച് രണ്ടര വര്‍ഷം മുമ്പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും സര്‍ക്കാര്‍ നോക്കി നിന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ അന്വേഷണം നടത്തുകയായിരുന്നുവെന്നും സുഖ ചികിത്സക്ക് ആരെല്ലാമാണ് പോയതെന്ന് അറിയാമായിരുന്നുവെന്നുമാണ് ഭരണപക്ഷവും മുഖ്യമന്ത്രിയും ഇതിനോട് പ്രതികരിച്ചത്.
മോണ്സന് മാവുങ്കലിന്റെ മ്യൂസിയത്തില്‍ സന്ദര്‍ശന നടത്തിയ മുന്‍ ഡിജിപി ലോക്നാഥ് ബെഹറയെ സംരക്ഷിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മോണ്‍സണില്‍ നിന്ന് ചികിത്സ തേടിയ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ന്യായീകരിച്ചു.
മോണ്സന് പോലീസ് കാവലേര്‍പ്പെടുത്തിയെന്നും ശബരിമലയില്‍ വ്യാജചെമ്പോലയുണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചുവെന്ന് പി.ടി.തോമസ് ആരോപിച്ചു. മോണ്‍സനെ കുറിച്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും രണ്ടേകാല്‍ വര്‍ഷം എന്തെടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ചോദിച്ചു. പുരാവസ്തുക്കളെ സംബന്ധിച്ച് പരിശോധന നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, പുരാവസ്തു വകുപ്പ് എന്നിവരോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്‍കൂര്‍ ജാമ്യം നേടാനുള്ള പ്രതികളുടെ നീക്കം തടഞ്ഞതായി പറഞ്ഞ മുഖ്യമന്ത്രി ആരാണ് മോണ്‍സന്റെ അടുത്ത് ചികിത്സക്ക് പോയതെന്ന് എല്ലാവര്ക്കും അറിയാമെന്ന് പറഞ്ഞു. ‘മോണ്സന് മാവുങ്കലിനെതിരായ പരാതി 6-9-2021-നാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ന്ന് കേസെടുത്തത്. ആരൊക്കെ എന്തിനൊക്കെ പോയി എന്നത് പോലീസ് അന്വേഷിക്കേണ്ടതാണ്. ലോക്നാഥ് ബെഹറയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് ഉണ്ടായിട്ടുള്ളത്. അല്ലാതെ സുഖ ചികിത്സക്ക് തങ്ങുകയല്ല ഉണ്ടായത്’മുഖ്യമന്ത്രി പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അതേ സമയം മോണ്‍സനുമായി പണമിടപാടില്‍ കെപിസിസി പ്രസിഡന്റ് ഇടനിലനിന്നുവെന്ന് വ്യവസായ മന്ത്രി പി.രാജീവ് ചര്‍ച്ചയ്ക്കിടെ പരാമര്‍ശം നടത്തി.
എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കെ.സുധാകരനെ പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിച്ചും പ്രതിരോധിച്ചും രംഗത്തെത്തി. നിരവധി വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടാക്കുന്നതാണ് പൊതുപ്രവര്‍ത്തകരുടെ പ്രതിച്ഛായ. അത് ഒരുദിവസം കൊണ്ട് ഇല്ലാതാക്കാനാകില്ല. ഏതെങ്കിലും ചിത്രങ്ങള്‍ ഉയര്‍ത്തി ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കട്ടെ. കെ.സുധാരന്റേത് മാത്രമല്ല.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെല്ലാം മറുച്ചുവെച്ച് മോണ്‍സന്റെ വീടിന് സംരക്ഷണം നല്കി വിശ്വാസ്യത ഉണ്ടാക്കി കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. രണ്ടേകാല്‍ കൊല്ലത്തിന് ശേഷം ലഭിച്ച ഒരു പരാതിയുടെ പുറത്താണ് ഇയാളെ പേരില്‍ കേസെടുത്തിട്ടുള്ളത് എന്നത് ദുരൂഹതയുണ്ടാക്കുന്നു.
ഇയാള്‍ ഡോക്ടറാണെന്നും പുരാവസ്തുക്കള്‍ ശേഖരിക്കുന്ന ആളാണെന്നും കരുതി അവിടെ പോയിട്ടുള്ള ആളുകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചരമാണ് നടക്കുന്നത്. യഥാര്‍ഥത്തില്‍ അയാള്‍ക്ക് വിശ്വാസ്യത ഉണ്ടാക്കി കൊടുത്തത് പോലീസും സര്‍ക്കാരുമാണ്. ഇക്കാര്യങ്ങളാണ് നിയമസഭയില്‍ ഉന്നയിച്ചത്. അത് ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചതിനാലാണ് സഭയില്‍ നിന്ന് ഇറങ്ങി പോയതെന്ന് സതീശന് പറഞ്ഞു.