ചെങ്ങന്നൂര്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും സാംസ്കാരിക പ്രവര്‍ത്തകനുമായ വി.കെ. ശശിധരന്(83) അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 3.25-ഓടെയായിരുന്നു മരണം.
ചെങ്ങന്നൂരില്‍ മകളുടെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ശശിധരന് അടുത്തിടെ കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് മുക്തനായിരുന്നെങ്കിലും അതേത്തുടര്‍ന്നുള്ള മറ്റ് അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത് കൊല്ലം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, 1977-78 വര്‍ഷങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിദ്ധീകരണ സമിതി കണ്‍വീനര്‍, ബാലവേദി കണ്‍വീനര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിഷത് ബാലവേദികളില്‍ ഒഴിച്ചുകൂടാനാവാത്തതായിരുന്നു ശശിധരന്റെ ഗാനാലാപനം. സംഗീതത്തെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള വ്യക്തി കൂടിയായിരുന്നു വി.കെ.എസ്. എന്നറിയപ്പെട്ടിരുന്ന ശശിധരന്.
വടക്കന്‍ പറവൂരില്‍ ജനിച്ച ശശിധരന്, ആലുവയിലെ കോളേജില്‍നിന്ന് ബിരുദം നേടി. തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കി. ശ്രീനാരായണ പോളി ടെക്നിക്കില്‍ ഒന്പതുവര്ഷം പ്രവര്‍ത്തിച്ചു. വകുപ്പു മേധാവിയായാണ് അവിടെനിന്ന് വിരമിച്ചത്.
content highlights: vk sasidharan passes away