പേരാവൂര്‍: സി.പി.എം. പേരാവൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴില്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന ക്രമക്കേടുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ ചില നേതാക്കള്‍ക്കെതിരേ നടപടിക്ക് സാധ്യത. കഴിഞ്ഞദിവസം പേരാവൂരില്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് നടത്തിയ പ്രസ്താവന ഏരിയ കമ്മിറ്റിയിലെ ചില നേതാക്കളെ ലക്ഷ്യമിട്ടാണെന്നാണ് സൂചന.
പേരാവൂര്‍ സഹകരണ ആസ്പത്രി സൊസൈറ്റി, കൊളക്കാട് സര്‍വീസ് സഹകരണ ബാങ്ക്, കള്ള് ചെത്ത് തൊഴിലാളി സഹകരണസംഘം, സഹകരണ ഹൗസ് ബില്‍ഡിങ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളും ആരോപണങ്ങളും പാര്‍ട്ടിക്ക് ജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റിയില്‍ നടന്ന കോടികളുടെ ചിട്ടി തട്ടിപ്പ് ലോക്കല്‍ സമ്മേളനങ്ങളില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഉത്തരവാദികള്‍ക്കെതിരേ സംഘടനാ നടപടിയുണ്ടാകുമെന്ന ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പ്.
സഹകരണ ആസ്പത്രി സംഭവത്തില്‍ പൊതുജനത്തിന് സാമ്പത്തിക നഷ്ടമുണ്ടായില്ലെങ്കിലും സൊസൈറ്റിക്ക് വന്‍ നഷ്ടമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ അന്ന് സംസ്ഥാന കണ്ട്രോള് കമ്മിറ്റി ചെയര്‍മാനായിരുന്ന ടി.കൃഷ്ണന്, ഏരിയാ കമ്മിറ്റിയംഗം കെ.പി.സുരേഷ്കുമാര്‍ എന്നിവര്‍ക്കെതിരേ നടപടിയുമുണ്ടായി. പിന്നീട് കൊളക്കാട് സഹകരണ ബാങ്കില്‍ ജില്ലാ കമ്മിറ്റിയംഗത്തിന്റെ മകന് നടത്തിയ സാമ്പത്തിക ക്രമക്കേട് വിവാദമാവുകയും ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പേരാവൂര്‍ കള്ളുചെത്ത് തൊഴിലാളി സഹകരണസംഘത്തില്‍ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടുകളെത്തുടര്‍ന്ന് അന്നത്തെ ഏരിയാ കമ്മിറ്റിയംഗത്തിന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
ഹൗസ് ബില്‍ഡിങ് സൊസൈറ്റിയില്‍ വിവാദമായ നറുക്ക് ചിട്ടി ആരംഭിക്കുമ്പോള്‍ തന്നെ വിലക്കിയതായി പാര്‍ട്ടി നേതൃത്വം പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി ഏരിയാ നേതൃത്വത്തിനും സൊസൈറ്റിയെ നിയന്ത്രിക്കുന്ന പാര്‍ട്ടി സബ് കമ്മിറ്റിക്കുമുണ്ടായ വീഴ്ചയാണ് കോടികളുടെ ക്രമക്കേടിന് വഴിയൊരുക്കിയതെന്നാണ് ആരോപണം. തൊഴിലുറപ്പ് തൊഴിലാളികളും കൂലിത്തൊഴിലാളികളും കര്‍ഷകരുമാണ് ചിട്ടി തട്ടിപ്പില്‍ പണം നഷ്ടമായവരിലേറെയും. പാര്‍ട്ടിയെ സാധാരണക്കാരുടെ മുന്നില്‍ അപഹാസ്യമാക്കുംവിധമാണ് നിലവിലെ സംഭവവികാസങ്ങള്‍. ഈ സാഹചര്യത്തിലാണ് പേരാവൂരില്‍ നടന്ന രക്തസാക്ഷി അനുസ്മരണ പൊതുയോഗത്തില്‍ ജില്ലാ സെക്രട്ടറി കടുത്ത പ്രസ്താവന നടത്തിയത്.
ഹൗസ് ബില്‍ഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പ്: സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു, നഷ്ടം സെക്രട്ടറിയും മുന്‍ പ്രസിഡന്റും വഹിക്കണം
പേരാവൂര്‍: സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണ ഹൗസ് ബില്‍ഡിങ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പില്‍ ആരോപണവിധേയനായ സെക്രട്ടറി പി.വി.ഹരിദാസിനെ സഹകരണ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. സൊസൈറ്റിയിലെ സീനിയര്‍ ജീവനക്കാരന് സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയതായും അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്രദോഷ് കുമാര്‍ അറിയിച്ചു. സൊസൈറ്റിക്കുണ്ടായ സാമ്പത്തികനഷ്ടം മുന്‍ പ്രസിഡന്റ് പ്രിയന്, സെക്രട്ടറി പി.വി.ഹരിദാസ് എന്നിവരില്‍നിന്ന് ഈടാക്കാനും നോട്ടീസ് നല്കി. സെക്രട്ടറിയെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ അസിസ്റ്റന്റ് രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച നടന്ന അടിയന്തര ഭരണസമിതി യോഗം ശുപാര്‍ശ നല്‍കിയിരുന്നു. സൊസൈറ്റിയുടെ ലോക്കറിന്റെയും അലമാരകളുടെയും താക്കോല്‍ കാണാനില്ലെന്ന് പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കും. താക്കോലുകള്‍ ഓഫീസില്‍നിന്നുതന്നെ ലഭിച്ച സാഹചര്യത്തിലാണിത്.
സെക്രട്ടറി രാത്രിയില്‍ ഫയലുകള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കേ?െണ്ടന്നും യോഗം തീരുമാനിച്ചു. അതേസമയം, സൊസൈറ്റിക്ക് ഇടപാടുകാരില്‍നിന്ന് ലഭിക്കാനുള്ള വായ്പാ കുടിശ്ശിക ഉടന്‍ പിരിച്ചെടുത്ത് ബാധ്യതകള്‍ തീര്‍ക്കാനും യോഗത്തില്‍ തീരുമാനമായി.