തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം വൈകിപ്പിക്കുന്ന അദാനിയുടെ നടപടിയില്‍ സര്‍ക്കാരിന് അതൃപ്തി. കരിങ്കല്‍ ക്ഷാമം പറയുന്ന അദാനി 2018ല്‍ മാത്രമാണ് ക്വാറിക്കായി സര്‍ക്കാരിന് അപേക്ഷ നല്‍കിയതെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഏതാണ്ട് പതിനാല് മാസങ്ങള്‍ കൊണ്ട് പറ്റാവുന്ന അനുമതി നല്‍കിയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും കര്‍ണാടകയിലും കല്ല് കാണിച്ചുകൊടുക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് കല്ല് വാങ്ങി പദ്ധതി പൂര്‍ത്തിയാക്കാന്‍ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍, ആക്ഷേപങ്ങള്‍ അദാനി ഗ്രൂപ്പ് നിഷേധിച്ചു. ആദ്യം ലഭിച്ചത് ആവശ്യത്തിന് കരിങ്കല്ല് ഇല്ലാത്ത ക്വാറിയാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. കല്ല് ശേഖരിക്കാനുള്ള ശ്രമങ്ങള്‍ 2016 മുതല്‍ക്ക് തന്നെ ആരംഭിച്ചിരുന്നു. പ്രകൃതിക്ഷോഭങ്ങളും മറ്റും പണി ഇഴയുന്നതിന് കാരണമായി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ മറ്റ് തടസങ്ങളില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
2022 നവംബറില്‍ വിഴിഞ്ഞ തുറമുഖം തുറക്കണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ 2023 ഡിസംബറില്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാവുകയുള്ളൂ എന്നാണ് അദാനി പോര്‍ട്ട് സി.ഇ.ഒ രാജേഷ് ഝാ നേരത്തെ പ്രതികരിച്ചത്. 2015 ഡിസംബറിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി കരാറില്‍ ഒപ്പിട്ടത്.