തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നേമം സോണൽ ഓഫീസ് സൂപ്രണ്ടായിരുന്ന എസ് ശാന്തിയാണ് അറസ്റ്റിലായത്. പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
നേമം സോണൽ ഓഫീസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനപ്രതിയാണ് കോർപ്പറേഷൻ ജീവനക്കാരുടെ സംഘടനയായ കോർപറേഷൻ സ്റ്റാഫ് യൂണിയന്റെ സംസ്ഥാന സമിതി അംഗം കൂടിയായ ശാന്തി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ കഴിയുകയായിരുന്നു.
നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പണം തട്ടിപ്പു നടന്നത് നേമം സോണലിലാണ്. 26,74,333 രൂപയുടെ തട്ടിപ്പാണ് ഈ സോണലിൽ മാത്രം നടന്നത്. ഇതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിപക്ഷം വൻ പ്രതിഷേധ നടപടികൾ നടത്തി വരികയായിരുന്നു.
കോര്‍പ്പറേഷനിലെ നികുതിപ്പണം തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നേമം മേഖലാ ഓഫീസിലെ കാഷ്യര്‍ വെള്ളായണി ഊക്കോട് ഊക്കോട്ടുകോണം ശരണ്യ നിവാസില്‍ എസ്.സുനിത(39)യെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയശേഷം ശനിയാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വ്യാജരേഖ ചമയ്ക്കുക, അത് അസല്‍ രേഖയാണെന്ന വ്യാജേന ഉപയോഗിക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്.
ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് നേമം മേഖലാ ഓഫീസില്‍ 26,74,333 രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. നികുതിയായും അല്ലാതെയും സോണല്‍ ഓഫീസുകളില്‍ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോര്പ്പറേഷന് സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇങ്ങനെ കൊണ്ടുപോയ തുക ബാങ്കില്‍ ഇടാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
Content highlights: Trivandrum corporation tax fraud case zonal office superintendent shanthi arrested