തട്ടിപ്പ് നടത്തിയ കടയുടമയെയും സഹായികളെയും അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തെ ചുമതലപ്പെടുത്തി
പരിശോധന രഹസ്യ വിവരത്തെ തുടര്‍ന്ന്
ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാംസ വ്യാപാര സ്ഥാപനം കാലാവധി കഴിഞ്ഞ മാംസം തീയതി മാറ്റി വില്ക്കാന് ശ്രമിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ന്ന നടത്തിയ പരിശോധനയില്‍ നേരത്തേയുണ്ടായിരുന്ന മാംസത്തിന്റെ പായ്ക്കറ്റ് ഒഴിവാക്കി, പുതിയ എക്സ്പയറി തീയതിയോടെയുള്ള പുതിയ പായ്ക്കറ്റിലേക്ക് അവ മാറ്റുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എക്സ്പയറി ഡേറ്റ് ആവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കവര്‍ മാറ്റി ഒരു വര്‍ഷത്തേക്കുള്ള പുതിയ തീയതി ചേര്‍ത്ത കവറിലേക്ക് മാംസം മാറ്റിയത്. ഇവ ഖത്തറിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ എത്തിക്കുന്നതിനായി വെയര്‍ ഹൗസിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. ഇവിടെ വച്ചാണ് പരിശോധകര് കൃത്രിമം കണ്ടെത്തിയത്.
കുറ്റക്കാര്‍ക്കെതിരേ നടപടി
കാലാവധി കഴിഞ്ഞ ഇറച്ചി പിടിച്ചെടുത്തതായും അത് നശിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മുനിസിപ്പല്‍ അഫയേഴ്സ് മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുടെ ഓഫീസിലെ സെന്‍ട്രല്‍ ഇന്സ്പെക്ഷന് ടീം തലവന്‍ ഡോ. നവാല്‍ മുഹമ്മദ് അബ്ദുല്ല അറിയിച്ചു. തട്ടിപ്പ് നടത്തിയ കടയുടമയെയും സഹായികളെയും അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തെ ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണ വില്‍പ്പനയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൃത്രിമങ്ങളും ഒരു കാരണവശാലും സഹിക്കില്ലെന്നും ഉത്തരവാദികള്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
പഴം പച്ചക്കറി ഇറക്കുമതിക്ക് മുന്‍കൂര്‍ അനുമതി
ഖത്തറില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പഴം പച്ചക്കറികള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ലെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം. വരുന്ന ഡിസംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഡിസംബര്‍ മാസത്തേക്കുള്ള അനുമതിക്കായി നവംബര്‍ ഒന്ന് മുതല്‍ 20 വരെ അപേക്ഷിക്കാം. മന്ത്രാലയം വിളിച്ചു ചേര്‍ത്ത പഴം, പച്ചക്കറി വിതരണക്കാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഉല്‍പ്പന്നങ്ങളുടെ ഗുണനിലാവരം ഉറപ്പു വരുത്തുകയും പച്ചക്കറികളും പഴങ്ങളും ആവശ്യമായതിലും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതിലൂടെ അവ പാഴായിപ്പോകുന്നത് ഒഴിവാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതിക്കായി നവംബര്‍ ഒന്ന് മുതല്‍ 20 വരെ ഇമെയില്‍ വഴിയാണ് വിതരണക്കാര്‍ അപേക്ഷിക്കേണ്ടത്. importrequests@mme.gov.qa എന്ന വിലാസത്തിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യവസ്തുക്കള്‍ പാഴാവുന്നത് തടയുക ലക്ഷ്യം
മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്നും എഫ്-എഎഡി-പിപി-02 എന്ന അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് ഓരോ മാസത്തേക്കും ഇറക്കുമതി ചെയ്യുന്ന സാധാനങ്ങളുടെ വിശദാംശങ്ങളും തൂക്കവുമെല്ലാം ഗുണനിലവാരവുമെല്ലാം വ്യക്തമാക്കിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രാജ്യത്ത് ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് മുതല്‍ ഉപഭോക്താക്കളില്‍ എത്തുന്നത് വരെയുള്ള സമയത്ത് മാത്രം 14 ശതമാനം ഭക്ഷ്യ വസ്തുക്കള്‍ പാഴാവുന്നതായാണ് റിപ്പോര്‍ട്ട്. ഇറക്കുമതിക്ക് പെര്‍മിറ്റ് സംവിധാനമൊരുക്കുന്നതിലൂടെ ഈ നഷ്ടം കുറയ്ക്കാമെന്നും മന്ത്രാലയം കണക്കുകൂട്ടുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഡോ. മസൂദ് ജാറല്ല അല്‍ മര്‍റി, കാര്‍ഷികകാര്യ വകുപ്പ് ഡയറക്ടര്‍ യൂസുഫ് ഖാലിദ് അല്‍ ഖുലൈഫി, കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : 250 tonnes of frozen meat with forged expiry date seized
Malayalam News from malayalam.samayam.com, TIL Network