തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരന് എം.പി. മേയര്‍ക്ക് മാനസികമായി വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് മുരളീധരന് പറഞ്ഞത്. തന്റെ പ്രസംഗത്തില്‍ ഉദ്ദേശിച്ചത് മേയര്‍ പക്വതയില്ലാതെ പെരുമാറുന്നുവെന്നാണ്. അപക്വമായി പെരുമാറുന്ന മേയറുടെ നടപടികള്‍ക്കെതിരേ വിമര്‍ശനം തുടരുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം നഗരസഭാ മേയര്‍ പദവിയില്‍ ഇരുന്നത് നിരവധി പ്രഗത്ഭരാണ്. എന്നാല്‍ ഇപ്പോഴത്തെ മേയര്‍ പെരുമാറുന്നത് അതിന് യോജിച്ച നിലയിലല്ല. പല കൗണ്‍സിലര്‍മാരോടും അവര്‍ മോശമായി പെരുമാറുന്നുവെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുരധീധരന്‍ പറയുന്നു. മേയര്‍ക്കെതിരായ തെറ്റ് ചൂണ്ടിക്കാണിക്കുകയാണെന്നും തെറ്റ് തെറ്റല്ലാതാകില്ലെന്നും മുരളീധരന് പറഞ്ഞു.
മേയര്‍ക്ക് സൗന്ദര്യമുണ്ടെന്ന് പറഞ്ഞത് അശ്ലീലമായി കരുതുന്നില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നത് അവര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായെന്ന് പറയുന്നതിനാലാണെന്നും മുരളീധരന് പറഞ്ഞു. രാഷ്ട്രീയ ജീവിതത്തില്‍ ഒരു പ്രസ്താവനയും സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ നടത്തിയിട്ടില്ല. ഇനിയും അങ്ങനെ ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കാന്‍ ഡി.വൈ.എഫ്.ഐയും ആനാവൂര്‍ നാഗപ്പനും വളര്‍ന്നിട്ടില്ലെന്നും മുരളീധരന് പറയുന്നു.
എ.ഐ.വൈ.എഫ് വനിതാ നേതാവിനെ ബലാത്സംഗം ചെയ്യുമെന്ന് പറയുന്നവരും കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ കൂട്ടുനിന്നവരും തനിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നും മുരളീധരന് പറഞ്ഞു. അതേസമയം വിവാദ പരാമര്‍ശത്തില്‍ മുരളീധരനെതിരെ ആര്യ രാജേന്ദ്രന് പോലീസില്‍ പരാതി നല്കി. മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
Content Highlights: k muralidharan apologizes on controversial statement over arya rajendran