ഇന്ത്യന്‍ നാവികസേനയില്‍ പ്രമുഖ നിരീക്ഷകപദവി വഹിച്ചിരുന്ന ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇന്‍ഫാക്) ടി-81 പടക്കപ്പലിന് ഇനി ആലപ്പുഴയില്‍ വിശ്രമകാലം. ആലപ്പുഴ കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ പ്ലാറ്റ്ഫോമിലാണു സേനയില്‍നിന്ന് റിട്ടയറായ പടക്കപ്പല്‍ ഇനി വിശ്രമിക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് പ്ലാറ്റ്ഫോമിലേക്കു പടക്കപ്പല്‍ മാറ്റിയത്.
ആലപ്പുഴ പൈതൃക പദ്ധതിയില്‍ തുറമുഖ മ്യൂസിയത്തിന്റെ ഭാഗമായാണു കപ്പല്‍ സ്ഥാപിച്ചത്. ഇനി മുസിരിസ് കമ്പനി അധികൃതര്‍ക്കാണു കപ്പലിന്റെ പരിപാലനച്ചുമതല. കപ്പല്‍ കൊണ്ടുവരുന്നതിനായി ഉണ്ടാക്കിയ താത്കാലിക റോഡും മറ്റും നീക്കുന്നതോടെ കപ്പലെത്തിക്കുന്നതിനായി കരാറെടുത്തിരുന്ന മുംബൈയിലെ വൈറ്റ് ലൈന്‍ എന്റര്‍പ്രൈസസിന്റെ കരാര്‍ അവസാനിക്കും.
രാജകീയ വരവേല്‍പ്പായിരുന്നു കപ്പലിന് ലഭിച്ചത്. പടക്കപ്പല്‍ കപ്പല്‍ കാണുന്നതിനു വന്‍ ജനാവലി എത്തിച്ചേര്‍ന്നു. തുറമുഖ വകുപ്പിലെയും മറ്റു വകുപ്പകളിലെയും ഉദ്യോഗസ്ഥരും പൈതൃക പദ്ധതി പ്രതിനിധികളും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
നാവികസേനയിലെ നിരീക്ഷകന്
- നാവികസേനയുടെ ഡി-കമ്മിഷന് ചെയ്ത കപ്പലാണ് ഇന്ത്യന്‍ നേവല്‍ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്(ഐ.എന്‍.എഫ്.എ.സി.) ടി. 81.
- 25 മീറ്റര്‍ നീളവും 80 ടണ്‍ ഭാരവുമുള്ള കപ്പല്‍ 1999 ജൂണിലാണ് കമ്മിഷന്ചെയ്തത്.
- 2021 ജനുവരിയിലായിരുന്നു ഡി- കമ്മിഷന് ചെയ്തത്.
മൂന്നുമാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്കു കപ്പല്‍ കാണാം
മൂന്നുമാസത്തിനകം പൊതുജനങ്ങള്‍ക്കു കപ്പല്‍ കാണാനും അതിനകത്തു കയറാനുമാകും. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഉടന്‍ തയ്യാറാകും. അന്തിമ അനുമതി ലഭിച്ചാലുടന്‍ നിര്‍മാണങ്ങള്‍ ആരംഭിക്കും. കടപ്പുറത്തുനിന്നു കിഴക്കോട്ടു നോക്കുന്ന ഭാഗത്തായി പടിക്കെട്ടുകള്‍ ഒരുങ്ങും. ഇതുവഴി മേല്‍പ്പാലം വഴിയാകും കപ്പലിലേക്കു കയറാനാകുക. ഇതിനു താഴെ ശൗചാലയങ്ങളും വ്യാപാരസ്ഥാപനങ്ങളും സുരക്ഷാ ഓഫീസുമടക്കമുള്ള സൗകര്യങ്ങളുണ്ടാകും. മുംബൈയില്‍ നിന്നുള്ള അത്യാധുനിക വെളിച്ച സംവിധാനങ്ങളും കപ്പലിനായി അകത്തും പുറത്തും ഒരുങ്ങും. കപ്പലിനു ചുറ്റും പുല്‍ത്തകിടിയും ബാരിക്കേഡുകളും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകും. നിലവില്‍ 24 മണിക്കൂര്‍ സുരക്ഷാ സംവിധാനവും സെക്യൂരിറ്റിസേവനവും കപ്പലിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തട്ടാതെ മുട്ടാതെ കപ്പലിന്റെ കരയാത്ര
കഴിഞ്ഞ സെപ്റ്റംബര്‍ 23-നാണ് തണ്ണീര്‍മുക്കത്ത് വേമ്പനാട്ടുകായലില്‍നിന്നു പ്രത്യേകവാഹനത്തില്‍ കരയിലൂടെ കപ്പല്‍ യാത്രയാരംഭിച്ചത്. എറണാകുളത്തുനിന്നുള്ള 300 ടണ്‍ ശേഷിയുള്ള ക്രെയിന്‍ ഉപയോഗിച്ചാണ് വേമ്പനാട്ടു കായലില്‍നിന്ന് പടക്കപ്പലിനെ പ്രത്യേക വാഹനത്തില്‍ കയറ്റിയത്. 20 മീറ്റര്‍ നീളവും 80 ടണ്‍ ഭാരവുമുള്ളതാണ് കപ്പല്‍. ചെറിയ ഇളക്കത്തില്പ്പോലും കപ്പല്‍ താഴേക്കു ചരിയാന്‍ സാധ്യതയുള്ളതിനാല്‍ പൂര്‍ണമായും സുരക്ഷ ഉറപ്പാക്കിയായിരുന്നു യാത്ര.
മള്‍ട്ടി ആക്സില്‍ പുള്ളറില്‍ ആലപ്പുഴ കടപ്പുറത്തേക്ക്
96 ചക്രങ്ങളുള്ള മള്‍ട്ടിആക്സില്‍ പുള്ളറിലായിരുന്നു ആലപ്പുഴ കടപ്പുറത്തേക്കുള്ള കപ്പലിന്റെ സഞ്ചാരം. കപ്പലും കൊണ്ടുള്ള പുള്ളര്‍ ഉയരംകുറച്ചാണ് റെയില്‍വേലൈന്‍ കടന്നത്. 6.66 മീറ്റര്‍ ഉയരമുള്ള കപ്പല്‍ ഉള്‍ക്കൊള്ളുന്ന വാഹനം 5.90 മീറ്ററാക്കി കുറച്ചായിരുന്നു യാത്ര. ഹൈഡ്രോളിക് സംവിധാനത്തിലൂടെയാണ് ഇത് സാധിച്ചത്.
5.68 മീറ്റര്വീതിയാണ് വാഹനത്തിനുള്ളത്. 26 മീറ്ററാണ് നീളം. റെയില്‍വേക്രോസ് കടക്കുന്നതിനായി നാലുമണിക്കൂര്‍ സമയമായിരുന്നു അനുവദിച്ചത്. ഇതില്‍ ഒരുമണിക്കൂര്‍ സമയം വൈദ്യുതി ഓഫാക്കി, പ്രവാഹം നിലയ്ക്കുന്നതിനായിത്തന്നെ വേണ്ടിവന്നു. ലൈന്‍ ഓഫ്ചെയ്താലും ഒരുമണിക്കൂറോളം കഴിഞ്ഞാലേ വൈദ്യുതി പൂര്‍ണമായും ഡിസ്ചാര്‍ജ് ആകൂ. ഇത്രയും കാത്തിരുന്നശേഷമാണ് കപ്പല്‍ ലെവല്‍ക്രോസ് കടത്തിയത്. കരാര്‍കമ്പനി റെയില്‍വേയില്‍നിന്നു രണ്ടുദിവസത്തെ അനുമതിയാണ് നേടിയത്. എട്ടുലക്ഷം ഇതിനായി അടയ്ക്കുകയും ചെയ്തു.
പാലങ്ങളും ഇടറോഡും താണ്ടി…
കിഴക്കിന്റെ വെനീസിനെ കണ്ടറിഞ്ഞും പാലങ്ങളും ഇടറോഡുകളുമെല്ലാം കടന്നായിരുന്നു പടക്കപ്പലിന്റെ യാത്ര. റെയില്‍വേയുടെ അനുമതി ലഭിച്ചതോടെ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പടക്കപ്പലും വഹിച്ചുള്ള വാഹനം റെയില്‍വേ ക്രോസ് കടന്നത്. ഏറെനാളത്തെ അനിശ്ചിതത്വത്തിനുശേഷമാണു പടക്കപ്പല്‍ കടപ്പുറത്തേക്ക് എത്തിക്കുന്നതിനായി മാര്ഗമൊരുങ്ങിയത്.
ഒക്ടോബര്‍ രണ്ടിനു ബൈപ്പാസിനു സമീപമെത്തിയപ്പോള്‍ യാത്രമുടങ്ങി. കപ്പലുള്പ്പെടെയുള്ളവയുടെ ഭാരം ബൈപ്പാസ് മേല്‍പ്പാലത്തിനു താങ്ങാനാകുമോയെന്ന ചോദ്യമായിരുന്നു യാത്രമുടക്കിയത്. ബൈപ്പാസ് മേല്പ്പാലത്തില്നിന്നു ക്രെയിന്‍ ഉപയോഗിച്ചു കപ്പല്‍ താഴെയിറക്കാനായിരുന്നു തീരുമാനം. പിന്നീട് 20 ദിവസങ്ങളായി ദേശീയപാതവിഭാഗത്തിന്റെ അനുമതി ലഭിക്കാതായതോടെ കപ്പലെത്തിക്കുന്നതിനായി ബദല്‍മാര്‍ഗം കരാര്‍ കമ്പനി തേടുകയായിരുന്നു.
ഗതാഗതക്കുരുക്ക് സൃഷ്ടിക്കാതെ മാന്യമായ യാത്ര
നഗരത്തെ ഗതാഗതക്കുരുക്കിലാക്കാതെയായിരുന്നു പടക്കപ്പലിന്റെ പുതിയപാതയിലൂടെയുള്ള യാത്ര. വെള്ളിയാഴ്ച പുലര്‍ച്ചേ അഞ്ചോടെ കൊമ്മാടി ബൈപ്പാസില്‍ ടോള്‍പ്ലാസയ്ക്കു സമീപത്തുനിന്ന് കൊമ്മാടി സിഗ്നല്‍ ജങ്ഷനിലേക്ക് തിരികെപ്പോയാണ് യാത്രതുടങ്ങിയത്. ഇവിടെ ഏതാനും സിഗ്നല്‍ബോര്‍ഡുകള്‍ നീക്കംചെയ്ത് ആറുമണിയോടെ നഗരത്തിലേക്കുള്ള റോഡിലേക്ക് പ്രവേശിച്ചു. മരച്ചില്ലകള്‍ വെട്ടിമാറ്റി, വൈദ്യുതിലൈനുകളും കേബിളുകളും മറ്റും നീക്കിയ വഴികളിലൂടെയായിരുന്നു കപ്പലിന്റെ യാത്ര. മറ്റുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വഴിനല്കിയതിനാല് ഗതാഗതക്കുരുക്കുണ്ടായില്ല.
content highlights: INFAC T 81 reached alappuzha beach