തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയില്‍ സ്വിസ് കമ്പനി ഹെസുമായുള്ള കരാറുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനം. 6000 കോടി ചിലവില്‍ 4000 ഇ-ബസുകള്‍ നിര്‍മിക്കുന്നതാണ് പദ്ധതി. കണ്‍സള്‍ട്ടന്റായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചൊവ്വാഴ്ച വൈകീട്ട് ഒരു സുപ്രധാന യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് റൂമില്‍ നടക്കുന്ന യോഗത്തില്‍ കമ്പനി രൂപവത്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ തീരുമാനിക്കും. കെഎസ്ആര്‍ടിസിയും കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡും ഹെസ്സുമായി ചേര്‍ന്ന ഒരു കമ്പനിയാണ് രൂപവത്കരിക്കുന്നത്.
കമ്പനിയുടെ 51 ശതമാനം ഓഹരി ഹെസ്സിനായിരിക്കും. സര്‍ക്കാരും സ്വിസ് കമ്പനിയായ ഹെസും ചേര്‍ന്ന് സംയുക്ത സംരംഭത്തിലൂടെ 4000 ഇ-ബസുകള്‍ പുറത്തിറക്കുന്ന പദ്ധതിയാണ് ഇ-മൊബിലിറ്റി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ആക്ഷേപം ഉന്നയിച്ചതിനെത്തുടര്‍ന്ന് വിവാദമായ പദ്ധതിയാണിത്.
ഇതിനെത്തുടര്‍ന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് ശേഷം പദ്ധതിയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് പുതിയ സൂചനകള്‍.
Content Highlights: Kerala Government to proceed with controversial e-mobility project