കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ 45 ശതമാനത്തിലധികം പാസഞ്ചര്‍ ട്രെയിനുകളും സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു. ഈ കാലത്തെ ഞെട്ടിക്കുന്ന കണക്കുകളാണ് എന്‍.സി.ആര്.ബി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നിരുന്നാലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2020ല്‍ അപകടങ്ങളുടെ തോത് വളരെ കുറവാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 ല്‍ 27,987 ട്രെയിന്‍ അപകടങ്ങളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്.
2020 ല്‍ ഏറ്റവും കൂടുതല്‍ ട്രെയിന്‍ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച്, ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മഹാരാഷ്ട്രയും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ഉത്തര്‍പ്രദേശുമാണ്. മരണസംഖ്യയുടെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്ര തന്നെയാണ്. 1,922 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതായത് മൊത്തം മരണ സംഖ്യയുടെ 16 ശതമാനം. അതേസമയം, ഉത്തര്‍പ്രദേശില്‍ 1,558 മരണങ്ങളും (മൊത്തം എണ്ണത്തിന്റെ 13 ശതമാനം) രേഖപ്പെടുത്തിയിരുന്നു.
ഈ കാലയളവില്‍ തന്നെ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചും അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഉത്തര്‍പ്രദേശാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനം. 1,014 ട്രെയിന്‍ അപകടങ്ങളാണ് സംസ്ഥാനത്ത് 2020ല്‍ ആകെ നടന്നിട്ടുള്ളതെങ്കിലും അതില്‍ 380 എണ്ണവും ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളാണ്. ബിഹാറും മധ്യപ്രദേശും ഈ പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ടെന്നാണ് എന്‍.സി.ആര്.ബി പറയുന്നത്. 191 ട്രെയിന്‍ അപകടങ്ങളാണ് ബീഹാറില്‍ മൊത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതില്‍ 144 അപകടങ്ങളും ട്രെയിനുകള്‍ കൂട്ടിയിടിച്ചാണെന്നാണ് എന്‍.സി.ആര്.ബി ചൂണ്ടിക്കാണിക്കുന്നത്.
കാരണങ്ങളും പരിഹാരവും
അശ്രദ്ധയും അധികൃതരുടെ അനാസ്ഥയുമാണ് പ്രധാനമായും അപകടങ്ങള്‍ക്ക് കാരണം. 2020ല്‍ നടന്ന 13,018 ട്രെയിന്‍ അപകടങ്ങളില്‍ 12,440 എണ്ണവും സംഭവിച്ചത് റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കാത്തത് കാരണമോ അല്ലെങ്കില്‍ യാത്രാവേളയില്‍ ലോക്കോ പൈലറ്റിന്റെ അശ്രദ്ധ മൂലമോ ആണ്. കൂടാതെ, സിഗ്നല്‍മാന്റെ ഭാഗത്ത് സംഭവിച്ചിട്ടുള്ള തെറ്റുകള്‍, മെക്കാനിക്കുകള്‍ക്ക് വന്ന പിശകുകള്‍, പാലം/തുരങ്കം എന്നിവയുടെ തകര്‍ച്ച എന്നിവയും അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
അശ്രദ്ധ മൂലമുണ്ടാകുന്ന ഇത്തരം അപകടങ്ങളെ ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി) കാമ്പസില്‍ സ്ഥിതി ചെയ്യുന്ന എല്‍ 2 എം റെയില്‍ (ലാബ് ടു മാര്‍ക്കറ്റ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്) എന്ന കമ്പനി. ഈ മേഖലയില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളില്‍ നൂതന ആശയങ്ങള്‍ കൊണ്ടുവന്ന് ‘റെയില്‍വേ സുരക്ഷിതമാക്കുക’ എന്ന കാഴ്ചപ്പാടാണ് എല്‍ 2 എം റെയിലിനുള്ളത്.
നിലവില്‍ ഈ കമ്പനി ‘വീല്‍ ഇംപാക്ട് ലോഡ് ഡിറ്റക്ഷന്‍’ (F-WILD) എന്ന ആശയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ട്രാക്കിലൂടെ നീങ്ങുന്ന ട്രെയിനിന്റെ ചക്രങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നതാണ് ഈ പദ്ധതി. നിരീക്ഷിക്കുന്നതോടൊപ്പം ചക്രങ്ങളുടെ തത്സമയമുള്ള അവസ്ഥകള്‍ ശേഖരിച്ച് സെര്‍വറില്‍ സൂക്ഷിക്കുന്നു. ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ച ചക്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നിയുക്ത അധികാരികളെ സന്ദേശങ്ങളിലൂടെ അറിയിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചെറിയ കേടുപാടുകള്‍ ഉണ്ടെങ്കില്‍ അത് അധികൃതര്‍ക്ക് നേരത്തെ കൂട്ടി അറിയാനും കുറഞ്ഞ ചെലവില്‍ പണികള്‍ പൂര്‍ത്തിയാക്കാനും ഇതിലൂടെ കഴിയും.
ഇന്ത്യന്‍ റെയില്‍വേയുടെ ടെക്നിക്കല്‍ അഡൈ്വസറായ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ (RDSO) പങ്കാളിത്തത്തോടെയാണ് നൂതനമായ ‘വീല്‍ ഇംപാക്ട് ലോഡ് ഡിറ്റക്ഷന്‍’ (F-WILD) എന്ന പദ്ധതി എല്‍ 2 എം റെയില്‍ നടത്തുന്നത്.
അത്തരത്തില്‍ ട്രെയിനുകളുടെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമാക്കുന്നതിനും അപകടസാധ്യത കുറക്കുന്നതിനും പശ്ചിമ റെയില്‍വേയുടെ നേതൃത്വത്തില്‍ മുംബൈയില്‍ ഒരു ഹൈടെക് കണ്ട്രോള് റൂം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പശ്ചിമ റെയില്‍വേയുടെ കീഴില്‍ വരുന്ന എല്ലാ മേഖലകളിലെയും പ്രവര്‍ത്തങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരാനും ഒരു ഏകീകൃത കമാന്‍ഡിംഗ് രീതിയിലൂടെ പ്രവര്‍ത്തിക്കാനുമാണ് കണ്ട്രോള് റൂം കൊണ്ടുവരുന്നത്. ഏത് അടിയന്തര സാഹചര്യവും ഉടനടി നേരിടാനും കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കും.
സ്വാഭാവികമായതും ക്രിമിനല്‍ സ്വഭാവമുള്ളതുമായ ട്രെയിന്‍ അപകടങ്ങളെ തടയാന്‍ ഇത്തരം നടപടികളിലൂടെ സാധിക്കും. മാത്രമല്ല, യാത്രക്കാരുടെ സുരക്ഷക്ക് ഭംഗം വന്നാല്‍ ദുരന്തനിവാരണസേന, പോലീസ്, അഗ്നിശമനസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരെ ഉടന്‍ വിവരമറിയിക്കാനും കണ്ട്രോള് റൂം വഴി കഴിയും.
പശ്ചിമ റെയില്‍വേയുടെ മുംബൈ ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന ഈ ഹൈടെക് കണ്ട്രോള് റൂമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പശ്ചിമ റെയില്‍വേയുടെ കീഴില്‍ വരുന്ന മേഖലകളിലെ ട്രെയിന്‍ സര്‍വ്വീസുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നേരത്തെ മൊബൈല്‍ ട്രെയിന്‍ റേഡിയോ കമ്മ്യൂണിക്കേഷന്‍ (എം.ടി.ആര്.സി) എന്ന സംവിധാനം അവതരിപ്പിച്ചിരിന്നു. ട്രെയിന്‍ ജീവനക്കാരും കണ്ട്രോള് സെന്ററും സ്റ്റേഷന് മാസ്റ്ററും തമ്മില്‍ ഒരു നിരന്തര ആശയവിനിമയം നടത്താന്‍ ഈ സംവിധാനത്തിലൂടെ സാധിച്ചിരുന്നു. 300 മില്ലിസെക്കന്‍ഡിനുള്ളില്‍ കോളുകള്‍ ബന്ധിപ്പിക്കാന്‍ സാധിക്കുന്നു എന്ന നേട്ടം കൈവരിക്കാന്‍ ഈ സംവിധാനത്തിലൂടെ ഇന്ത്യന്‍ റെയില്‍വേക്ക് കഴിഞ്ഞിരുന്നു.
****
Source: Agencies | Compiled by Bhadra Chandran