തെന്മല: റോസ്മലയില്‍ വിനോദസഞ്ചാരത്തിന് പോയവരുടെ ജീപ്പ് മഴവെള്ളപ്പാച്ചിലില്‍പെട്ടു. നാട്ടുകാര്‍ വാഹനത്തിലുണ്ടായിരുന്നവരെ സാഹസികമായി രക്ഷപ്പെടുത്തി. കൊല്ലം സ്വദേശികളായ രാജ്കുമാര്, രഞ്ജു എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
ജീപ്പിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇരുവര്‍ക്കും ആര്യങ്കാവ് സെന്റ് മേരീസ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി. ബുധാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.
ദൃക്സാക്ഷിയായ ബസ് ഡ്രൈവര്‍ റസീക്ക് പറഞ്ഞത് – ‘കഴിഞ്ഞദിവസം വൈകിട്ട് റോസ്മലയിലേക്കുള്ള സര്‍വീസ് നടത്തി തിരിച്ച് ആര്യങ്കാവിലേക്ക് വരികയായിരുന്നു. പെട്ടെന്നാണ് റോസ്മല വലിയചപ്പാത്തില്‍ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായത്. ഇതോടെ അപകടാവസ്ഥ മനസ്സിലാക്കി ബസ്സ് നിര്‍ത്തിയിട്ടു. രണ്ടുമണിക്കൂറോളം കാത്തിരുന്നിട്ടും ഒഴുക്ക് കുറഞ്ഞില്ല. റോസ്മലയില്‍ നിന്നെത്തിയ നിരവധി ഇരുചക്രയാത്രക്കാരായ സഞ്ചാരികളും കുടുങ്ങി. ഇതിലൊരാളുടെ സഹായത്തോടെ ചപ്പാത്തിലെ ആഴം പരിശോധിച്ചു. അപകടാവസ്ഥയില്ലെന്ന് മനസ്സിലാക്കിയതിനുശേഷം ബസ് ചപ്പാത്ത് കടത്തുകയായിരുന്നു.
ചപ്പാത്ത് കടക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇരുചക്രവാഹനങ്ങളിലെ യുവാക്കളും ബൈക്കുകള്‍ കാട്ടിനുള്ളില്‍ ഒളിപ്പിച്ചതിനുശേഷം ബസ്സില്‍കയറിയിരുന്നു. അതേസമയം അപകടാവസ്ഥ മനസ്സിലാക്കാതെ പിന്നിലെത്തിയ ജീപ്പ് പെട്ടെന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഈ ജീപ്പിലാണ് രാജ്കുമാറും, രഞ്ജുവും ഉണ്ടായിരുന്നത്.
കുറച്ചുദൂരം ഒഴുകിയ ജീപ്പ് ഒരു പാറയിലും മരത്തടിയില്‍ ഇടിച്ചുനില്‍ക്കുകയിരുന്നു. ഇതോടെ റോസ്മലയില്‍നിന്നുള്ള സക്കറിയ, രാജേഷ് ഉള്‍പ്പടെയുള്ള പതിനഞ്ചോളം പേരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി.വലിയ വടം എറിഞ്ഞുകൊടുത്തു യാത്രക്കാരെ വലിച്ചുകയറ്റുകയായിരുന്നു. കനത്തമഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. ജീപ്പ് ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ടു. ഇവരെ ഇതേ ബസില്‍തന്നെ ആര്യങ്കാവ് ഡിപ്പോയില്‍ എത്തിക്കുകയും സമീപത്തെ സെന്റ് മേരിസ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.
content highlights: Heavy rain, Jeep flowed away at Rosemala