മലപ്പുറം
മലപ്പുറം ജില്ലാ സഹകരണ ബാങ്കും ഇനി കേരളബാങ്കിന്റെ ഭാഗം. മലപ്പുറം ജില്ലാബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്ന സഹകരണസംഘം ഭേദഗതിബിൽ നിയമസഭ പാസാക്കിയതോടെയാണിത്. മുസ്ലിംലീഗിന്റെ സങ്കുചിത രാഷ്ട്രീയതാൽപ്പര്യമാണ് സർക്കാർ നീക്കത്തിൽ പൊളിഞ്ഞത്. പതിമൂന്ന് ജില്ലാ ബാങ്കുകളും കേരളബാങ്കിൽ ലയിച്ചിട്ടും ലീഗ് നിയന്ത്രണത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വഴങ്ങിയില്ല. സർക്കാർ ഉത്തരവിനെതിരെ നിയമയുദ്ധത്തിലേർപ്പെട്ടു. ഒടുവിൽ നിയമസഭയിൽ അവതരിപ്പിച്ച് നിയമം പാസാക്കുകയായിരുന്നു.
ജില്ലാ ബാങ്ക് ലയന നടപടി പൂർത്തീകരിക്കാൻ സഹകരണവകുപ്പ് സ്പെഷൽ ഓഫീസറെയോ അഡിമിനിസ്ട്രേറ്ററെയോ നിയമിച്ചേക്കും. ഇതിന്റെ ഉത്തരവ് ഉടൻ ഇറങ്ങും. ജില്ലാ ബാങ്കിന്റെ ആസ്തി തിട്ടപ്പെടുത്തലാണ് ആദ്യപടി. നടപടിക്രമം നേരത്തെ പൂർത്തിയാക്കിയതിനാൽ ലയനം എളുപ്പമാകും.
സംസ്ഥാന സഹകരണ ബാങ്കിനുകീഴിലാണ് നിലവിൽ ജില്ലാ ബാങ്ക്. കോട്ടപ്പടിയിലെ സംസ്ഥാന സഹകരണ ബാങ്ക് ശാഖയാണ് മലപ്പുറത്ത് കേരള ബാങ്കിന്റെ ഹെഡ് ഓഫീസായി പ്രവർത്തിക്കുക. ജില്ലാ ബാങ്ക് ഹെഡ് ഓഫീസ് റീജണൽ ഓഫീസാകും. ജില്ലാ ബാങ്കിന്റെ എല്ലാ ശാഖകളും ജീവനക്കാരും കേരളബാങ്കിന്റെ ഭാഗമാകും.ഇതോടെ നബാർഡിന്റേതുൾപ്പെടെ ആനുകൂല്യങ്ങളും ഇളവുകളും കാർഷിക വായ്പകളും സാധാരണക്കാർക്ക് ലഭ്യമാകും.
കേരളബാങ്ക് ലയന ഉത്തരവിനെതിരെ കേസ് നടത്തി ലക്ഷങ്ങളാണ് ജില്ലാബാങ്ക് പൊടിച്ചത്. നിയമസഭയിൽ ഐക്യകണ്ഠ്യേന ബിൽ പാസാക്കിയതിനാൽ ഹൈക്കോടതിയിൽ ജില്ലാ ബാങ്ക് നൽകിയ കേസ് പിൻവലിക്കാനാണ് സാധ്യത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..