തിരുവനന്തപുരം: ലോക് ഡൗണിലും നഗരത്തിലെ ജനകീയ ഹോട്ടലുകള്‍ വിളമ്പിയത് മൂന്നുലക്ഷത്തിലേറെ പേര്‍ക്കുള്ള ഉച്ചഭക്ഷണം. ഒരു മാസത്തിനിടെ ഇരുപതു രൂപ നിരക്കില്‍ 302896 ഭക്ഷണപ്പൊതികളാണ് തലസ്ഥാന നഗരത്തില്‍ വിതരണം ചെയ്തത്. ഏറ്റവും കൂടുതല്‍ ഉച്ചയൂണ് വിതരണം ചെയ്തത് നേമം മൈത്രി ജനകീയ ഹോട്ടലാണ്. പതിനായിരത്തോളം പൊതികള്‍.
കോവിഡ് ബാധിതരായി ചികിത്സയിലുള്ളവര്‍ക്കും വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കും ഉള്‍പ്പെടെയാണ് ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കുന്നത്. നാലുമുതല്‍ പത്തുവരെ വനിതകള്‍ ചേര്‍ന്നാണ് ജനകീയ ഹോട്ടലുകള്‍ നടത്തുന്നത്.
18 ഹോട്ടലുകളാണ് നഗരസഭാ പരിധിയില്‍ ആരംഭിച്ചതെങ്കിലും നിലവില്‍ 17 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം തയ്യാറാക്കാനുള്ള സ്ഥലത്തിന്റെ അസൗകര്യം കാരണമാണ് ഒരു ഹോട്ടല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളും വൊളന്റിയര്‍മാരും മുഖേനയാണ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നത്.
മൂന്ന് ഹോട്ടലുകളില്‍ ഒഴികെയുള്ളവ മൂന്നു നേരവും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. 20 രൂപയാണ് ഓരോ നേരത്തെയും ഭക്ഷണത്തിന്. അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തിലാണ് ഓരോ ഹോട്ടലിന്റെയും പ്രവര്‍ത്തനം. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തും ജനകീയ ഹോട്ടലുകള്‍ വഴി നഗരത്തിലെ ജനങ്ങള്‍ക്ക് ന്യായവിലയില്‍ വീടുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങളും സിവില്‍ സപ്ലൈസും പദ്ധതിയില്‍ പങ്കാളികളാണ്. ഹോട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെയും കുടുംബശ്രീ ജില്ലാ മിഷന് രൂപവത്കരിച്ചിട്ടുണ്ട്.
”രാവിലെ എട്ടുമുതല്‍ രാത്രി ഏഴുവരെയാണ് ഹോട്ടലുകളുടെ പ്രവര്‍ത്തനം. 108 ജനകീയ ഹോട്ടലുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ആയിരത്തിലേറെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പദ്ധതിയിലൂടെ ജോലി നല്കാന് കഴിഞ്ഞു. ഒരു ഹോട്ടലില്‍ നിന്നും ദിവസവും ഇരുപതോളം പേര്‍ക്ക് സൗജന്യമായും ഭക്ഷണം നല്‍കുന്നുണ്ട്.”
ഡോ. കെ.ആര്.ഷൈജു, കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്
”ദിവസേന അഞ്ഞൂറിലേറെ ഉച്ചയൂണ് ആളുകള്‍ വാങ്ങുന്നുണ്ട്. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും മൂന്നു നേരത്തെ ഭക്ഷണം തയ്യാറാക്കി നല്‍കുന്നുണ്ട്.”
ജീന, ആശ്രയ ജനകീയ ഹോട്ടല്‍, ജഗതി
Content Highlights: Janakeeya hotel in thiruvanthapuram