Sumayya P | Samayam Malayalam | Updated: 14 Jun 2021, 09:37:41 AM
നിലവില്‍ സെക്കന്‍ഡറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുകയും റിസള്‍ട്ട് ലഭ്യമാവുകയും ചെയ്തിട്ടുള്ളവര്‍ക്ക് ഇതിന്റെ കോപ്പി പരിശോധനയ്ക്ക് വേണ്ടി അക്കാദമിക് കൗണ്‍സിലര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.
ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്സിറ്റിയായ സാവിത്രിഭായി ഫൂലെ പൂനെ യൂനിവേഴ്സിറ്റിയില്‍ (എസ്പിപിയു) പ്രവേശന നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. മാതാപിതാക്കളുടെയോ മറ്റേതെങ്കിലും രക്ഷിതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ റെസിഡന്‍ഷ്യല്‍ വിസയില്‍ ഖത്തറില്‍ ഉള്ള വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ഐന്‍ ഖാലിദില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലുള്ള ബര്‍വ കൊമേഴ്ഷ്യല്‍ അവന്യൂവിലാണ് പുനെ യൂനിവേഴ്സിറ്റിയുടെ ഖത്തര്‍ കാംപസ് പ്രവര്‍ത്തിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ നാല് ഫുള്‍ടൈം കോഴ്‌സുകള്‍
യൂനിവേഴ്‌സിറ്റിയുടെ ഖത്തര്‍ കാംപസില്‍ ആദ്യഘട്ടത്തില്‍ നാല് ഫുള്‍ടൈം കോഴ്‌സുകളാണ് ഓഫര്‍ ചെയ്യുന്നത്. ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (ബിബിഎ), ബാച്ചിലര്‍ ഓഫ് കൊമേഴ്സ്, ബാച്ചിലര്‍ ഓഫ് ആര്‍ട്സ്, ബാച്ചിലര്‍ ഓഫ് സയന്‍സ്-ബയോടെക്നോളജി എന്നീ കോഴ്സുകളാണ് ഈ വര്‍ഷം ആരംഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ട്സ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, കൊമേഴ്സ് കോഴ്‌സുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇംഗ്ലീഷിലും കൊമേഴ്സ് അല്ലെങ്കില്‍ സൈക്കോളജി വിഷയത്തിലും കൂടി ശരാശരി 60 ശതമാനം മാര്‍ക്ക് വേണം. ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങളില്‍ മൊത്തത്തില്‍ 60 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്കാണ് സയന്‍സ് ബിരുദ കോഴ്സിന് ചേരാനാവുക.
പ്രവേശന നടപടികള്‍ തുടങ്ങി
അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ യൂനിവേഴ്‌സിറ്റിയുടെ ഖത്തര്‍ കാംപസിന്റെ www.miesppu.edu.qa എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പ്രവേശനവുമായി ബന്ധപ്പെട്ട അന്വേഷണ ഫോറം പൂരിപ്പിച്ച് നല്‍കണം. ഈ അപേക്ഷ നല്‍കി രണ്ട് പ്രവര്‍ത്തി ദിവസത്തിനകം യൂനിവേഴ്സിറ്റിയുടെ അഡ്മിഷന്‍ കൗണ്‍സിലര്‍ രക്ഷിതാവുമായോ വിദ്യാര്‍ഥിയുമായോ ബന്ധപ്പെടും. ഇതിന് ശേഷം നിലവില്‍ വിദ്യാര്‍ഥി സെക്കന്ററി സ്‌കൂള്‍ പഠനം നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് പെര്‍ഫോമന്‍സ് റിപോര്‍ട്ട് തേടും. ഈ റിപോര്‍ട്ടും വിദ്യാര്‍ഥി പൂരിപ്പിച്ച് നല്‍കിയ ഫോമിലെ വിവരങ്ങളും ഒത്തുനോക്കി യോഗ്യരാണെന്ന് കണ്ടെത്തുന്ന പക്ഷം ഓഫര്‍ ലെറ്റര്‍ നല്‍കും. ഓഫര്‍ ലെറ്റര്‍ സ്വീകരിക്കുകയും ആഗസ്തിന് മുമ്പ് ആദ്യ സെമസ്റ്റര്‍ ഫീസ് അടക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും പ്രവേശനം.
നാല് വര്‍ഷം എട്ട് സെമസ്റ്ററുകള്‍
ഓരോ കോഴ്‌സും എട്ട് സെമസ്റ്ററുകളിലായി നാലു വര്‍ഷം നീണ്ടുനില്‍ക്കും. ക്രെഡിറ്റ് പോയിന്റുകള്‍ അടിസ്ഥാനമാക്കിയായിരിക്കും ഓരോ സെമസ്റ്ററും രൂപപ്പെടുത്തുക. കോഴ്‌സ് പൂര്‍ത്തിയാകുമ്പോഴേക്ക് 160 ക്രെഡിറ്റ് പോയിന്റുകള്‍ നേടിയിരിക്കണം. ക്ലാസ്സുകളിലെ ഹാജര്‍, ലബോറട്ടറി പ്രവര്‍ത്തനങ്ങള്‍, പ്രൊജക്ട് വര്‍ക്കുകള്‍, റിസേര്‍ച്ച് ആന്റ് ഡിസര്‍ട്ടേഷന്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയായിരിക്കും പോയിന്റുകള്‍ ലഭിക്കുക. ഓരോ സെമസ്റ്ററിന്റെയും അവസാനത്തില്‍ നടത്തുന്ന പരീക്ഷാ ഫലവും ഇതിനായി പരിഗണിക്കും. നിര്‍ബന്ധമായി പഠിക്കേണ്ട വിഷയങ്ങള്‍, ഐച്ഛിക വിഷയങ്ങള്‍, നൈപുണി അടിസ്ഥാനമാക്കിയുള്ള വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും കോഴ്‌സുകള്‍. പഠനവേളയില്‍ തന്നെ ഇന്റേണ്‍ഷിപ്പുകളിലൂടെയും ക്രെഡിറ്റ് പോയിന്റുകള്‍ സ്വന്തമാക്കാം.
തുടക്കത്തില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതികളില്ല
ജൂലൈ അവസാനം വരെയാണ് അപേക്ഷിക്കാനുള്ള സമയമായി വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്നത്. നിലവില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ലെന്നും കോഴ്‌സ് ഫീസ് സ്വന്തമായി തന്നെ കണ്ടെത്തണമെന്നും യൂനിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സെക്കന്‍ഡറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുകയും റിസള്‍ട്ട് ലഭ്യമാവുകയും ചെയ്തിട്ടുള്ളവര്‍ക്ക് ഇതിന്റെ കോപ്പി പരിശോധനയ്ക്ക് വേണ്ടി അക്കാദമിക് കൗണ്‍സിലര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. അഡ്മിഷന്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രവേശന കൗണ്‍സിലറുടെ 55008444 എന്ന നമ്പറിലോ, യൂനിവേഴ്‌സിറ്റിയിലെ എന്‍ക്വയറി നമ്പറായ +974 5500 8444ലോ admssions@miesppu.edu.qa എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
മൈല്‍സ്റ്റോണ്‍ ഇന്റര്‍നാഷനല്‍ എജുക്കേഷനുമായി ചേര്‍ന്ന്
1949ല്‍ സ്ഥാപിതമായ പൂനെ യൂനിവേഴ്സിറ്റി ഇന്ത്യയിലെ യൂനിവേഴ്സിറ്റികളുടെ റാങ്കിങ് പട്ടികയില്‍ 17ാം സ്ഥാനത്താണ്. 50 ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയക്ക് 900ത്തിലേറെ അഫ്‌ലിയേറ്റഡ് സ്ഥാപനങ്ങളുണ്ട്. ഖത്തര്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മൈല്‍സ്റ്റോണ്‍ ഇന്റര്‍നാഷനല്‍ എജുക്കേഷനുമായി (എംഐഇ) ചേര്‍ന്നാണ് എംഐഇ-എസ്പിപിയു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്‍ എന്ന പേരില്‍ ഖത്തറിലെ കാംപസ് പ്രവര്‍ത്തിക്കുന്നത്. ഖത്തറിലെ ഡിപിസ് സ്‌കൂളുകളുടെ മാനേജ്‌മെന്റില്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ് മൈല്‍സ്റ്റോണ്‍ ഇന്റര്‍നാഷനല്‍ എജുക്കേഷന്‍. 2021 മെയില്‍ ആരംഭിച്ച കാംപസില്‍ സപ്തംബറില്‍ ക്ലാസുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : admission to the first indian university in qatar begins four courses in the first phase
Malayalam News from malayalam.samayam.com, TIL Network