വിവേക്.വി.വാര്യർ
ഹിമാലയത്തിൽ ഒറ്റയ്ക്ക് ഒരു ദിവസം നിങ്ങൾക്ക് സന്തോഷത്തോടെ, സമാധാനത്തോടെ ചിലവിടണോ? പ്രകൃതി ഭംഗി ആസ്വദിച്ചു തടാക കരയിൽ ഇരുന്നു സ്വപ്നം കണ്ട് പൈൻ മരത്തിന്റെ ഇടയിലൂടെ പ്രണയിച്ചു, ഹിമവാന്റെ തലയെടുപ്പായ കൈലാസ പർവ്വതത്തെ നേരിൽ കണ്ടു സമയം ചിലവഴിക്കുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?എങ്കിൽ പോകാം ഖജ്ജിയറിലേക്ക്.
ഹിമാലയത്തിന്റെ സൗന്ദര്യം അങ്ങേയറ്റം തരുന്ന ഖജ്ജിയർ മിനി സ്വിറ്റ്സർലൻഡ് എന്നാണ് അറിയപ്പെടുന്നത്. സ്വിറ്റസർലാൻഡ് വരെ പോകുവാനുള്ള കാശ് കൈയ്യിൽ ഇല്ലാത്തവർക്ക് അവിടുത്തെ അതെ പ്രകൃതി ഭംഗിയും കാലാവസ്ഥയും അനുഭവിക്കുവാൻ ഈ ചെറിയ തടാക കരയിൽ സാധിക്കുമെന്ന് ചുരുക്കം.ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഖജ്ജിയർ സമുദ്ര നിരപ്പിൽ നിന്നും 1951 മീറ്റർ ഉയരത്തിലാണ്.
ഖജ്ജിയർ തടാകം തന്നെയാണ് പ്രധാന കാഴ്ച, സ്വസ്ഥവും സമാധാനവും ആവുവോളം തരുന്ന ഈ തടാക കരയിൽ അൽപ്പമൊന്നു വിശ്രമിക്കുവാൻ ആരും കൊതിക്കും, കാരണം അത്രയ്ക്കുണ്ട് അതിന്റെ ഭംഗി. ചുറ്റുമുള്ള മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ചെറിയ അരുവികളാണ് തടാകത്തിലേക്ക് വെള്ളം എത്തിക്കുന്നത്. തടാകത്തിനു ചുറ്റുമായി പൈൻ മരക്കാടുകൾ, ഓടി ഒളിക്കുവാനും, പ്രണയിക്കുവാനും, ശുദ്ധവായു ശ്വസിക്കുവാനും നിങ്ങൾക്ക് ആ കാട് സൗകര്യമൊരുക്കും.
തെളിഞ്ഞ ദിനങ്ങളിൽ നിങ്ങളെ കാത്തിരിക്കുന്നത് അനിർവചനീയ സൗന്ദര്യം തരുന്ന കൈലാസ പർവ്വതം തന്നെയാണ്. നഗരത്തിന്റെ തിരക്കുകളിൽ നിന്നും യാന്ത്രിക ജീവിതത്തിൽ നിന്നും കുറച്ചു നേരം ഒറ്റയ്ക്കു മാറി നിന്ന് മനസ്സിനെ സന്തോഷിപ്പിക്കാം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ തീർച്ചയായും ഖജ്ജിയർ നിങ്ങൾക്ക് അതിനുള്ള ഉത്തരമാവും.
Nearest Railway station :Pathankhote (114 Km)
Nearest Airport : Jammu (114 Km)
Well connected with Shimla, Dhalhouse, Champa
Best Time to Visit : March to October