കൊച്ചി: ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പിതാവ്. ”താന്‍ തന്തയാണോടോ, താന്‍ സ്വര്‍ണം കൊടുത്തോ സ്ത്രീധനം കൊടുത്തോ എന്നൊക്കെ” ആലുവ സി.ഐ മരുമകന്റെ മുന്നില്‍വെച്ച് തന്നോട് ചോദിച്ചതായി ആലുവയില്‍ ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണിന്റെ പിതാവ് ഇര്‍ഷാദ് പറഞ്ഞു. ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്കിയ ശേഷം വീട്ടിലെത്തിയ ആലുവ എടയപ്പുറത്ത് മൊഫിയ പര്‍വീണ്‍ (23) നെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആലുവ സി.ഐ ഞങ്ങളോട് മോശമായാണ് പെരുമാറിയതെന്ന് പിതാവ് ആരോപിച്ചു. ‘മകള്‍ സി.ഐയുടെ മുറിയില്‍ ആദ്യം കയറി. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്നെ വിളിപ്പിച്ചു. ‘താന്‍ തന്തയാണോടോ, താന്‍ സ്വര്‍ണം കൊടുത്തോ സ്ത്രീധനം കൊടുത്തോ’ എന്നൊക്കെ മരുമകന്റെ മുന്നില്വെച്ച്് ചോദിച്ചു. ഇത് ചോദ്യംചെയ്ത മകളോട് മോശമായി സംസാരിക്കുകയാണ് സി ഐ ചെയ്തത്. പിന്നാലെ മകളുടെ ഭര്‍ത്താവും മോശമായി സംസാരിച്ചു.
ഇത് കേട്ടുനിന്ന മകള്‍ മരുകനെ അടിച്ചു. ശേഷം സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു. പിന്നീട് വീട്ടിലെത്തി വല്ലാതെ കരഞ്ഞു. ”നമുക്ക് നീതി കിട്ടുന്നില്ലല്ലോ പപ്പാ” എന്നാണ് അവള് പറഞ്ഞത്. നീതി കിട്ടുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, അങ്ങനെയെങ്കിലും സി.ഐ നമ്മുടെ മുമ്പില്‍വച്ച് ഇങ്ങനെ സംസാരിക്കില്ലല്ലോ എന്നാണ് അവള് പറഞ്ഞത്. ഞാന്‍ ഇത്രയൊക്കെ സഹിച്ച് പോയാണ് പരാതി കൊടുത്തത്. എന്നിട്ടും അവര്‍ എന്നോട് ഇങ്ങനെയാണല്ലോ പെരുമാറുന്നത് എന്ന് അവള് പറഞ്ഞു. സമാധാനിപ്പിച്ചാണ് ഞാന്‍ പുറത്തേക്ക് പോയത്. പിന്നീട് ഉച്ചക്ക് മുറിയടച്ച് ഇരിക്കുകയായിരുന്നു. ഉറങ്ങുകയാകുമെന്നാണ് കരുതിയത്. അവള് കതക് തുറക്കുന്നില്ലെന്ന് പിന്നീട് ഭാര്യ വിളിച്ച് പറഞ്ഞുവെന്നും ഇര്‍ഷാദ് പറഞ്ഞു.
മകളുടെ മൊഴിയെടുത്തിട്ട് പറഞ്ഞു വിടണമെന്നാണ് അവള് സ്റ്റേഷനില്‍വച്ച് ആവശ്യപ്പെട്ടത്. ”എനിക്ക് അയാളോടൊപ്പം നിന്ന് സംസാരിക്കാന്‍ കഴിയില്ല എന്നും അവള് പറഞ്ഞു. അവളുടെ ഭര്‍ത്താവിനൊപ്പം ഒരു പ്രാദേശിക നോതാവും ഉണ്ടായിരുന്നു. അവളുടെ ഭര്‍ത്താവും അവന്റെ ബാപ്പയും ഉമ്മയും ഫ്രോഡ് ആണെന്നാണ് അവളുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നത്” – ഇര്‍ഷാദ് പറഞ്ഞു. അതേസമയം ആത്മഹത്യാക്കുറിപ്പ് ഇല്ലെന്നാണ് സ്റ്റേഷനില്‍നിന്ന് പറഞ്ഞത്. പിന്നീട് എം.എല്‍.എ എസ്.പിയെ വിളിക്കുമ്പോഴാണ് ആത്മഹത്യാകുറിപ്പുള്ള കാര്യം അറിയുന്നതെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.