57-ാം മിനുറ്റിലാണ് ചിലിയുടെ സമനില ഗോള്‍ പിറന്നത്
റിയോ: കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയക്ക് ചിലിയോട് സമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. അര്‍ജന്റീനയ്ക്കായി നായകന് ലയണല്‍ മെസിയും, ചിലിക്കായി എഡ്വാര്‍ഡോ വാര്ജാസുമാണ് ലക്ഷ്യം കണ്ടത്.
വിജയം മാത്രം ലക്ഷ്യം വച്ചുള്ള മുന്നേറ്റങ്ങളായിരുന്നു മത്സരത്തിന്റെ തുടക്കം മുതല്‍ അര്‍ജന്റീന പുറത്തെടുത്തത്. എതിര് പ്രതിരോധത്തിന് തടയാനാകാത്ത വിധമുള്ള നീക്കങ്ങള്‍. ചിലിയന്‍ ഗോളി ബ്രാവോ നിരന്തരം പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നു. 18 ഷോട്ടുകളാണ് ആര്‍ജന്റീനന്‍ താരങ്ങള്‍ തൊടുത്തത്.
33-ാം മിനുറ്റിലാണ് കോപ്പയിലെ ഗോള്‍ വേട്ടയ്ക്ക് മെസി തുടക്കമിട്ടത്. ഫ്രീക്കിക്കിലൂടെയായിരുന്നു ഗോള്‍. മെസിയുടെ സുന്ദരമായ ഇടംകാല് ഷോട്ട്. ഗോള്‍ വലയുടെ ഇടത് കോര്‍ണറിലേക്ക് കര്‍വ് ചെയ്ത് പന്ത് നീങ്ങി. ബ്രാവോയുടെ കയ്യെത്തും മുന്‍പ് പന്ത് വലയെ ചുംബിച്ചു. പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയ തുടക്കം.
Copa America 2021: കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം
രണ്ടാം പകുതിയില്‍ തിരിച്ചു വരവിനുള്ള ശ്രമങ്ങള്‍ ചിലിയും നടത്തി. 55-ാം മിനുറ്റില്‍ ആര്‍ട്ടൂറോ വിദാലിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി പെനാലിറ്റി വിധിച്ചു. പക്ഷെ കിക്കെടുത്ത വിദാലിന് പിഴച്ചു. അര്‍ജന്റീനന്‍ ഗോളി മാര്‍ട്ടിനസ് പന്ത് തട്ടിയകറ്റി. എന്നാല്‍ ഓടിയെത്തിയ എഡ്വാര്‍ഡോ അനായാസം ബോള്‍ വലയിലാക്കി, ഒപ്പത്തിനൊപ്പം.
ഗോള്‍ വഴങ്ങിയ ശേഷവും അര്‍ജന്റീന വിശ്രമിച്ചില്ല. ജയത്തിനായി പോരാടി. മെസിയുടേതടക്കമുള്ള മുന്നേറ്റങ്ങള്‍ ബ്രോവോയുടെ കൈകളില്‍ അവസാനിച്ചു.