മറഡോണയുടെ മരണത്തിന് ശേഷം ദക്ഷിണ അമേരിക്കന്‍ സോക്കര്‍ ഭരണസമിതി അദ്ദേഹത്തെ എക്കാലത്തേയും മികച്ച താരമായി പ്രഖ്യാപിച്ചിരുന്നു
റിയോ: ഇതിഹാസങ്ങള്‍ക്ക് മരണമില്ല. അവര്‍ എന്നും ജീവിക്കും. ഡിയഗോ മറഡോണയെന്ന ഫുട്ബോള്‍ ദൈവത്തിനും ഇത് ബാധകമാകാതെ ഇരിക്കുമോ. അര്‍ജന്റീനയുടെ ആദ്യ കോപ്പ അമേരിക്ക മത്സരത്തിന് മുന്നോടിയായി നാല് കുമ്മായ വരകള്‍ക്കുള്ളില്‍ അത്ഭുതം സൃഷ്ടിച്ച ഡിയഗോയ്ക്ക് ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ സംഘടനയായ കോണ്‍മെബോല്‍ ആദരം അര്‍പ്പിച്ചു.
മൂന്ന് മിനുറ്റിലൊതുങ്ങിയ വിഡിയോ അതിശയകരമായ രീതിയില്‍ സാങ്കേതിക വിദ്യയുടെ സഹായത്താലാണ് അവതരിപ്പിച്ചത്. ‘ലൈവ് ഈസ് ലൈഫ്’ എന്ന ഗാനവും ഒപ്പമുണ്ടായിരുന്നു. 1989-ൽ ബയേൺ മ്യൂണിക്കിനെതിരായ യുവേഫ കപ്പ് സെമി ഫൈനലിന് മുന്നോടിയായി മറഡോണ വാമപ്പായത് ഈ ഗാനം കേട്ടുകൊണ്ടായിരുന്നു.
ലേസര്‍ വെളിച്ചത്തിന്റെ സഹായത്താല്‍ രൂപപ്പെടുത്തിയ ട്രിബൂട്ട് വിഡിയോയില്‍ മറഡോണ പന്തു തട്ടുന്ന ചിത്രങ്ങളാണുള്ളത്. കളിച്ച ടീമുകളെ ഓര്‍ത്തെടുക്കുന്നതിനായി വിഡിയോയില്‍ താരത്തിന്റെ ജേഴ്സിയുടെ നിറങ്ങളും മാറുന്നു. അര്‍ജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപോളി, സെവിയ്യ, ന്യൂവല്‍സ് ഓള്‍ഡ് ബോയ്സ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ് ഡിയഗോ കളിച്ചിട്ടുള്ളത്.
Also Read: Copa America 2021: സമനിലയില്‍ കുരുങ്ങി അര്‍ജന്റീന; മെസിക്ക് ഗോള്‍
മററോഡോണ ചെറുപ്പത്തില്‍ ഫുട്ബോള്‍ കളിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചതും, 1986 ലോകകപ്പ് നേട്ടത്തിലെ നിമിഷങ്ങളും വിഡിയോയിലൂടെ കടന്നു പോകുന്നുണ്ട്. “ഞങ്ങള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ക്ക് ആദരം അര്‍പ്പിക്കുകയാണ്,” കോണ്ബോല് പ്രസ്താവനയില്‍ പറയുന്നു.
മറഡോണയുടെ മരണത്തിന് ശേഷം ദക്ഷിണ അമേരിക്കന്‍ സോക്കര്‍ ഭരണസമിതി അദ്ദേഹത്തെ എക്കാലത്തേയും മികച്ച താരമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മറഡോണ ഏറെ സ്വീകാര്യനായിരുന്ന ബ്രസീലില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഇതിനെതിരെ ഉയര്‍ന്നു. ബ്രസീലിയന്‍ ഇതിഹാസം പെലെയെ മറികടന്ന് ബഹുമതി നല്‍കിയതാണ് വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ കാരണം.