നിങ്ങൾ ഭാഷകൾക്ക് അതീതമായി സിനിമകളും സീരീസുകളും ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന മറ്റു ചില ഒടിടി പ്ലാറ്റ്ഫോമുകളുണ്ട്
കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സിനിമ സംവിധായകർക്ക് അവരുടെ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് വലിയ രീതിയിൽ സഹായകമായിരുന്നു. അതോടൊപ്പം നേരത്തെ അധികം കാഴ്ചക്കാരില്ലാതെയിരുന്ന പ്രാദേശിക കണ്ടന്റുകൾക്ക് കൂടുതൽ പ്രേക്ഷകരുണ്ടാവുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രേക്ഷകർക്ക് ഇപ്പോൾ മറാത്തി, ഗുജറാത്തി, മലയാളം, ആസാമീസ്, ഒഡിയ, തെലുങ്ക്, തമിഴ് ഭാഷകളിലെ സിനിമകളും സീരീസുകളും ഇഷ്ടാനുസരണം കാണാൻ സാധിക്കും.
അതുകൊണ്ട് തന്നെ നിങ്ങൾ ഭാഷകൾക്ക് അതീതമായി സിനിമകളും സീരീസുകളും ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന മറ്റു ചില ഒടിടി പ്ലാറ്റ്ഫോമുകളുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ വ്യാപകമായി ഉപയോക്താക്കളെ നേടിയെടുത്ത നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവക്ക് പുറമെ ഇനി ഇതും ഉപയോഗിക്കാം.
സൺ നെക്സ്റ്റ് (Sun NXT) – മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി
സൺ ടിവി നെറ്റ്വർക്കിന്റെ 2017ൽ പുറത്തിറങ്ങിയ പ്ലാറ്റ്ഫോമാണ് സൺ നെക്സ്റ്റ്. തെന്നിന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിവയ്ക്കൊപ്പം ബംഗാളി ഭാഷയിലെയും കണ്ടന്റുകൾ ഈ പ്ലാറ്റ്ഫോമിലൂടെ സബ്സ്ക്രൈബേഴ്സിന് കാണാൻ സാധിക്കും. സിനിമകൾ, ടെലിവിഷൻ ഷോകൾ, മ്യൂസിക് വിഡിയോകൾ, കോമഡി വിഡിയോകൾ എന്നിവയാണ് ഇതിൽ ലഭിക്കുക. ഒപ്പം തന്നെ ലൈവ് ടിവിയും ഇതിൽ ലഭ്യമാകും.
നീസ്ട്രീം (Neestream) – മലയാളം
അമേരിക്കൻ കമ്പനിയായ ജെകെഎച്ച് ഹോൾഡിങ്സിന് കീഴിയുള്ള സ്ട്രീമിങ് ആപ്പാണ് ഇത്. കഴിഞ്ഞ നവംബറിലാണ് ഇത് പുറത്തിറങ്ങിയത്. ഐസക്കിന്റെ ഇതിഹാസം എന്ന ചിത്രമാണ് ഇതിലൂടെ ആദ്യമായി റിലീസ് ചെയ്തത്. മലയാളം സിനിമകൾക്ക് പുറമെ ടെലിവിഷൻ ചാനലുകളിൽ നിന്നുള്ള പരിപാടികളും ഇതിൽ ലഭിക്കും.
കൂടെ (Koode) – മലയാളം
മലയാളത്തിലെ കണ്ടന്റുകൾക്കായി ഒരുക്കിയ ആദ്യത്തെ സ്വതന്ത്ര പ്ലാറ്റ്ഫോമാണ് ‘കൂടെ’. 2020 ഡിസംബറിൽ സ്റ്റുഡിയോ മോജോയാണ് ഇത് പുറത്തിറക്കിയത്. വെബ് സീരീസുകൾക്ക് പുറമെ യൂട്യൂബിൽ നിന്നുള്ള ചില കണ്ടന്റുകളും ഇതിൽ ലഭിക്കും. കാണുന്ന സിനിമകൾക്കും പ്രീമിയം കണ്ടന്റുകൾക്കും മാത്രം പൈസ കൊടുക്കുന്ന തരത്തിലാണ് ഇതു അവതരിപ്പിക്കാൻ പോകുന്നത്.
Read Also: ജിയോ 98 രൂപ റീചാർജ് പ്ലാൻ വീണ്ടുമെത്തി, വിശദാംശങ്ങള് അറിയാം
റീഗൽ ടാക്കീസ് (Regal Talkies) – തമിഴ്
തമിഴ് നടൻ സി.വി.കുമാർ പുറത്തിറക്കിയ, കാണുന്ന കണ്ടന്റിന് മാത്രം പൈസ കൊടുത്താൽ മതിയാകുന്ന ഒരു സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് റീഗൽ ടാക്കീസ്. വളർന്നു വരുന്ന സിനിമാക്കാർക്കായാണ് ഈ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്.
ടാക്കീസ് (Talkies) – തുളു, കൊങ്കണി, കന്നഡ
തുളു, കൊങ്കണി, കന്നഡ ഭാഷകളിലെ സിനിമകളും വെബ് സീരീസും വരുന്ന ഒരു സ്ട്രീമിങ് ആപ്പാണ് ടാക്കീസ്. നാടകങ്ങൾ ഇഷ്ടമുള്ളവർക്ക് ആസ്വദിക്കാനായി യക്ഷഗാനം പോലുള്ള കലകളും ഇതിൽ നൽകിയിട്ടുണ്ട്.
ആഹാ (Aha) – തെലുങ്ക്
മാർച്ച് 2020ന് അല്ലു അരവിന്ദിന്റെ ഗീത ആർട്സ് പുറത്തിറക്കിയ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് ആഹാ. തന്റെ അച്ഛന്റെ സംരംഭത്തിന് നടനായ മകൻ അല്ലു അർജുനും പിന്തുണ നൽകിയിട്ടുണ്ട്. തെലുങ്ക് സിനിമകൾക്ക് ഒപ്പം 20 ഓളം വെബ് സീരിസുകളും ആപ്പിൽ ലഭ്യമാണ്.