കൊച്ചി: കര്ഷകന് കേവലം ജീവന് നിലനിര്‍ത്താനുള്ള ആനുകൂല്യം നല്കലല്ല കൃഷിയെന്നും മറിച്ച് അവന് സമൂഹത്തില്‍ മാന്യമായ ജീവിതനിലവാരം പുലര്‍ത്താന്‍ ഉതകുന്നതാകണമെന്നും കൃഷിമന്ത്രി പി. പ്രസാദ്. അതിന് പിന്തുണയും പിന്‍ബലവും നല്കുന്നതാകണം കാര്‍ഷിക പദ്ധതികളും കാര്‍ഷിക നയങ്ങളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സാധാരണക്കാരന്റെ മനസ്സിന്റെ പ്രതിഫലനമാകണം. കോര്‍പറേറ്റുകളുടെ ഇച്ഛാപൂര്ത്തീകരണമാകരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊല്ലം ടി. കെ.എം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ‘ഭക്ഷ്യ കാര്‍ഷിക മേഖലയില്‍ ഇന്ത്യയുടെ നയ വിവക്ഷ’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ. എം. ട്രസ്റ്റ് ചെയര്മാന് ഷഹല്‍ ഹസന് മുസ്ലിയാര് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
ഏതുതരം കാര്‍ഷിക വിളകള്‍ക്കും അനുയോജ്യമായ ഭൂപ്രകൃതിയാണ് നമ്മുടേത്. ലോക രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പന്ത്രണ്ട് മാസവും കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് രാജ്യത്തുള്ളത്. രാജ്യത്തിന്റെ ഈ സവിശേഷത ഉന്നമിട്ടാണ് കോര്‍പറേറ്റുകള്‍ പലയിടങ്ങളിലും ഭൂമി സ്വന്തമാക്കിയിട്ടുള്ളത്. സാങ്കേതികവിദ്യ, കാര്‍ഷിക വിപണി, സൂപ്പര്‍മാര്‍ക്കറ്റ് എന്നീ മൂന്നു മേഖലകളിലും കോര്‍പ്പറേറ്റുകള്‍ ആധിപത്യം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ നിയമ സംഹിതകളും ഇവര്‍ക്ക് സഹായകരമാകുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക പദ്ധതികളുടെയും നയങ്ങളുടെയും യഥാര്‍ഥ ഗുണഭോക്താക്കള്‍ കര്‍ഷകരാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ടതെന്നും മന്ത്രി പറഞ്ഞു.
ശില്പശാലയ്ക്ക് മുന്നോടിയായി ടി.കെ.എം. കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെയും കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കുറ്റിച്ചിറ അഞ്ചുപറ പാടശേഖരത്തില്‍ ഞാറു നടീലും പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കോളേജ് ക്യാമ്പസിലെ പച്ചക്കറി കൃഷിയുടെ നടീലും വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് മന്ത്രി ഉദ്ഘാടനം ചെയ്തു. ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷായുര്‍വേദ കൂട്ടുകളുടെ നിര്‍മ്മാണപ്രവര്‍ത്തനോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കുണ്ടറ എം.എല്‍.എ: പി.സി. വിഷ്ണുനാഥും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കൃഷി ലാഭകരമാകണമെന്നും അതിന് കാര്‍ഷിക സംരംഭങ്ങള്‍ വളര്‍ന്നു വരണമെന്നും ആശംസാ പ്രസംഗത്തില്‍ പി.സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. മികച്ച കര്‍ഷകയായി തിരഞ്ഞെടുത്ത കനകമ്മ ടീച്ചറെയും മികച്ച സംരംഭകനായ അനില്‍ കെ.എസിനെയും മന്ത്രി ആദരിച്ചു. 26, 27 തീയതികളിലായി നടക്കുന്ന ദ്വിദിന ശില്പശാലയില് പി.ജി വിദ്യാര്‍ഥികള്‍, കേരള യൂണിവേഴ്സിറ്റിയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
content highlights: minister p prasad on laws related to farming