തിരുവനന്തപുരം: ആറ്റിങ്ങലില്‍ കുട്ടിയെ അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന് ഉത്തരവിട്ടു. പോലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും മൊബൈല്‍ മോഷ്ടാക്കളാക്കി ചിത്രീകരിച്ച് പൊതുമധ്യത്തില്‍ അപമാനിക്കാന്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. പരാതിക്കാരായ അച്ഛനെയും മകളെയും ആരോപണവിധേയരെയും വിളിച്ചുവരുത്തി ബാലാവകാശ കമ്മീഷന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷമാണ് ഇപ്പോള്‍ ബാലാവകാശ കമ്മീഷന് ഉത്തരവിറക്കിയത്.
അച്ഛനെയും മകളെയും അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബാലനീതി വകുപ്പ് 75 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശമാണ് പ്രധാനമായും നല്‍കിയിരിക്കുന്നത്. കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നത് സംബന്ധിച്ച് പോലീസ് സേനാംഗങ്ങള്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും ഇതിന് ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണമെന്നും ബാലാവകാശ കമ്മീഷന് ഉത്തരവില്‍ പറയുന്നുണ്ട്.
പെണ്‍കുട്ടിക്ക് പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പെരുമാറ്റം മൂലം വലിയ മാനസികാഘാതമാണ് ഉണ്ടായിരിക്കുന്നത്. ഇത് മാറ്റാനുള്ള നടപടിയും സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. ഈ മൂന്ന് നിര്‍ദേശങ്ങളിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 30 ദിവസത്തിനകം അതിന്റെ റിപ്പോര്‍ട്ട് ബാലാവകാശ കമ്മീഷന് നല്‍കണമെന്നും ചെയര്മാന് കെ.വി. മനോജ് കുമാര്‍ ഈ ഉത്തരവില്‍ പറയുന്നുണ്ട്.
ഒരു കുട്ടിയെ മോഷ്ടാവായി ചിത്രീകരിക്കാന്‍ ഒരു പോലീസുദ്യോഗസ്ഥ ശ്രമിച്ചത് അംഗീകരിക്കാന്‍ കഴിയില്ല. ഇത്രയും ഗുരുതരമായ കുറ്റം ചെയ്തിട്ടും ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. സ്ഥലം മാറ്റുമെന്നത് പോലീസ് സേനയില്‍ ഒരു അച്ചടക്കത്തിന്റെ ഭാഗമായ സ്വാഭാവിക നടപടിക്രമം മാത്രമാണ്. എന്നാല്‍ ഈ സംഭവത്തില്‍ അത് പോരെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവില്‍ എടുത്ത് പറയുന്നുണ്ട്. ഇത്തരം വീഴ്ചകളുണ്ടായാല്‍ കനത്ത ശിക്ഷാനടപടി തന്നെ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിന്റെ ഭാഗമായാണ് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ബാലാവകാശ കമ്മീഷന് ഉത്തരവിട്ടിരിക്കുന്നത്.
Content Highlights: protection of child rights commission orders to register case against pink police official