തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ കേരളത്തോട് വിശദീകരണം ചോദിച്ച് കേന്ദ്രം. ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കാൻ അനുമതി നൽകിയ വൈല്‍ഡ്ലൈഫ് വാര്ഡന് ബെന്നിച്ചൻ തോമസിനെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ മാധ്യമ വാർത്തകളിൽ കൂടിയാണ് അറിഞ്ഞതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കുന്നത്. സസ്പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ, സസ്പെൻഷനിലേക്ക് നയിച്ച കാര്യങ്ങൾ തുടങ്ങിയവ ഹാജരാക്കണമെന്നും കത്തിൽ പറയുന്നു.
എന്നാൽ സസ്പെൻഷൻ കേന്ദ്രത്തിനെ മുൻകൂറായി അറിയിക്കേണ്ടതില്ല എന്നാണ് സർക്കാർവൃത്തങ്ങൾ വിശദീകരിക്കുന്നത്. സസ്പെൻഷൻ ദീർഘിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ മാത്രം മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യം അറിയിച്ചാൽ മതി എന്ന സർവീസ് റൂളും സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കത്തിന് ചട്ടപ്രകാരമുള്ള മറുപടി തന്നെ കേന്ദ്രത്തിന് നൽകുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാണ് ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്. വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന സര്‍ക്കാര്‍ വിലയിരുത്തലിന് പിന്നാലെ ആയിരുന്നു നടപടി.
Content Highlights: Tree felling order wildlife warden suspended – center ask explanation