ചേര്‍ത്തല: സി.പി.എം. കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തിനു വിവാദത്തോടെ തുടക്കം. ലോക്കല്‍ സമ്മേളനം ഏരിയാസമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്ത യുവനേതാവിനെ സമ്മേളനത്തില്‍ നിന്നൊഴിവാക്കിയതാണു വിവാദമായിരിക്കുന്നത്. ബുധനാഴ്ചകൂടിയ തണ്ണീര്‍മുക്കം ലോക്കല്‍കമ്മിറ്റി യോഗമാണു ബാലസംഘം സംസ്ഥാന കോ-ഓര്‍ഡിനേറ്ററും യുവജന കമ്മിഷന് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ മിഥുന്‍ഷായെ സമ്മേളനപ്രതിനിധി സ്ഥാനത്തുനിന്നു നീക്കിയത്. കഴിഞ്ഞാഴ്ചയായിരുന്നു യുവനേതാവിന്റെ വിവാഹം. വിവാഹത്തില്‍ പാര്‍ട്ടിയോടിടഞ്ഞു പുറത്തുപോയവരും നടപടി നേരിട്ടവരും പങ്കെടുത്തതാണു പുറത്താക്കലിനു കാരണമെന്നാണു വിവരം. ഇക്കാര്യം കാണിച്ച് മിഥുന്‍ഷാ ഫെയ്സ്ബുക്ക് പോസ്റ്റുമിട്ടു.
തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്തതും ഇതില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവാഹം രക്ഷകര്‍ത്താക്കളുടെയും ബന്ധുക്കളുടെയും നിയന്ത്രണത്തില്‍ നടന്നതാണെന്നും അവര്‍ ക്ഷണിച്ചവര്‍ ചടങ്ങില്‍ പങ്കെടുത്തതു വിലക്കാനാകില്ലെന്ന് ഒരുവിഭാഗം വാദമുയര്ത്തിയെങ്കിലും വിലപ്പോയില്ല.
നടപടി പരിഷ്കൃതസമൂഹത്തിനു ചേര്‍ന്നതല്ലെന്നു കാട്ടി ഒരുവിഭാഗം മേല്‍ഘടകത്തെ സമീപിച്ചിട്ടുണ്ട്. സമ്മേളനം ഐകകണ്ഠേന തിരഞ്ഞെടുത്ത പ്രതിനിധിയെ ഏതെങ്കിലും ഘടകങ്ങള്‍ക്കു നീക്കാന്‍ അധികാരമില്ലെന്നും പാര്‍ട്ടിഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രായംകുറഞ്ഞവരില്‍ ഒരാളാണ് മിഥുന്‍ഷാ. 40 വയസ്സില്‍ താഴെയുള്ളവരെ ഏരിയാ കമ്മിറ്റിയിലേക്കു പരിഗണിക്കുമ്പോള്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവനേതാവിനെ പരിഗണിക്കാതിരിക്കാനുള്ള ഒരുവിഭാഗത്തിന്റെ നീക്കമാണിതിനു പിന്നിലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍, പാര്‍ട്ടിസമ്മേളനത്തില്‍ ഒരുതരത്തിലുള്ള വിവാദങ്ങളുമില്ലെന്നു നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി പലതീരുമാനങ്ങളുമെടുക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള വിമര്‍ശനമോ പരാതിയോ ഇല്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു.