Dec 2, 2021, 09:24 AM IST
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും. (ഫയല്‍ചിത്രം)
കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ ഇരട്ടക്കൊലക്കേസിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചപ്പോള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന് ബെഞ്ചും വിവിധ സംശയങ്ങള്‍ മുന്‍നിര്‍ത്തി ഒന്നിലേറെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ബുധനാഴ്ച അറസ്റ്റിലായ അഞ്ചുപേര്‍ക്കെതിരേയുള്ള അന്വേഷണം സി.ബി.ഐ. തുടങ്ങിയത് ഈ പോയിന്റില്‍ ഊന്നിനിന്നാണ്. അഞ്ചുപേരില്‍ രാജേഷ്, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലെ സാക്ഷികളാണ്.
കുറ്റപത്രത്തിലെ പത്താം പ്രതി കല്യോട്ട് കണ്ണോത്തെ രഞ്ജിത്ത് അറസ്റ്റിലാകുന്നത് ആറാം പ്രതി ശ്രീരാഗിന്റെ ഫോണില്‍ ഇയാള്‍ വിളിച്ചുവെന്നതിനാണ്. കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ശ്രീരാഗ്. കൊല നടക്കുന്നത് 2019 ഫെബ്രുവരി 17-ന് രാത്രി 7.36-നാണ്. ഇതിനു മൂന്നുമിനിറ്റ് മുന്‍പാണ് രഞ്ജിത്ത് ശ്രീരാഗിനെ ഫോണില്‍ വിളിച്ചത്. ഇതേസമയംതന്നെ ഒന്നാം പ്രതി അയ്യങ്കാവ് വീട്ടില്‍ പീതാംബരന്റെ ഫോണിലേക്ക് കോള്‍ വന്നിരുന്നു. ബുധനാഴ്ച സി.ബി.ഐ. അറസ്റ്റു ചെയ്ത സുരേന്ദ്രന്റെതായിരുന്നു ആ വിളി. ആറാം പ്രതിയുടെ ഫോണിലേക്ക് വിളിച്ചയാളെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഒന്നാം പ്രതിയുടെ ഫോണിലേക്ക് വിളിച്ചയാളെ സാക്ഷിപ്പട്ടികയില്പോലും ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. കല്യോട്ട് കൂരാങ്കര റോഡ് തുടങ്ങുന്നിടത്തുനിന്നാണ് രഞ്ജിത്ത് ശ്രീരാഗിനെ ഫോണില്‍ വിളിച്ചതെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ശരത്ലാലും കൃപേഷും ബൈക്കില്‍ വരുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്ന് പിന്നീട് രഞ്ജിത്ത് മൊഴി നല്‍കുകയും ചെയ്തു. സമാനരീതിയിലുള്ള വിവരം കൈമാറുകയോ ഇതുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കുകയോ സുരേന്ദ്രന് ചെയ്തുവെന്നാണ് സി.ബി.ഐ.ക്ക് കിട്ടിയ വിവരം.
ഏച്ചിലടുക്കം സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ കൊലനടത്താനുള്ള ഗൂഢാലോചന നടന്നുവെന്ന് കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസിന്റെ കേസ് ഡയറിയിലുണ്ട്. എന്നാല്‍ ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ഗൂഢാലോചന നാട്ടിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ എന്നായി. അന്ന് ബ്രാഞ്ച് ഓഫീസിന്റെ ചുമതലവഹിച്ച പാര്‍ട്ടി അംഗം രാജേഷ് അറസ്റ്റിലായതും ഇയാളുടെ മൊഴിയും ലോക്കല്‍ പോലീസിന്റെ അന്വേഷണം ശരിവയ്ക്കുന്നതിലെത്തുന്നു. ശരത്ലാലിനെയും കൃപേഷിനെയും അടിച്ചുവീഴ്ത്താനായി ഇരുമ്പ് പൈപ്പ് നല്കിയ റെജി വര്‍ഗീസിനെ സാക്ഷിപ്പട്ടികയിലൊതുക്കിയത് എന്തുകൊണ്ടാണെന്നും ആയുധം കൊടുക്കുമ്പോള്‍ ഇയാള്‍ക്ക് കൊല നടത്തുന്ന കാര്യം അറിയില്ലേയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
കേസിലെ അഞ്ചാം പ്രതി ഗിജിന്റെ ഇളയച്ഛനാണ് ശാസ്താ മധു. ഇയാളുടെ വീട്ടില്‍നിന്ന് 250 മീറ്റര്‍ തെക്കുമാറി കൂരാങ്കര റോഡിലാണ് കൊല നടന്നത്. പ്രതികള്‍ എത്തിയ വാഹനം ഇയാളുടെ വീട്ടില്‍ നിര്‍ത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുറ്റപത്രത്തില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും ഇയാളെ സാക്ഷിപ്പട്ടികയില്പോലും ക്രൈംബ്രാഞ്ച് ഉള്‍പ്പെടുത്തിയിട്ടില്ല. പ്രതികള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ മറ്റൊരു വണ്ടി ഏര്പ്പെടുത്തിക്കൊടുത്തുവെന്ന ശാസ്താ മധുവിനെതിരേയുള്ള പുതിയ വിവരം കണ്ടെത്താന്‍ സി.ബി.ഐ.ക്ക് കഴിഞ്ഞു.
ഒന്‍പതാം പ്രതി മുരളി താനിത്തോടിന്റെ മൊഴിയില്‍ ഹരിപ്രസാദിന്റെയും ശാസ്താ മധുവിന്റെയും പേര് പറയുന്നുണ്ട്. ഇരുവര്‍ക്കും കൊലപാതകം സംബന്ധിച്ച് അറിയാമെന്നായിരുന്നു മൊഴി. ഇതും ക്രൈംബ്രാഞ്ചിന്റെ കേസ് ഡയറിയിലുണ്ട്. എന്നിട്ടും ഇരുവരെയും പ്രതിയാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം വിചാരണവേളയില്‍ ഇരകളുടെ അഭിഭാഷകര്‍ ചോദിച്ചിരുന്നു.
കുറ്റപത്രം ഉടനെന്ന് സി.ബി.ഐ.
കാഞ്ഞങ്ങാട്: പെരിയ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സി.ബി.ഐ.ക്ക് അനുവദിച്ച സമയം ഈ മാസം നാലിന് അവസാനിക്കും. അതിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്ന സൂചനയാണ് സി.ബി.ഐ. വൃത്തങ്ങള്‍ നല്‍കുന്നത്. അഞ്ചുപേരെക്കൂടി അറസ്റ്റ് ചെയ്തതോടെ കേസില്‍ പ്രതികളായവരുടെ എണ്ണം 19 ആയി. എന്നാല്‍ സി.ബി.ഐ.യുടെ കുറ്റപത്രത്തില്‍ പ്രതിപ്പട്ടിക മാറിമറഞ്ഞേക്കുമെന്നും കൂടുതല്‍പേര്‍ അറസ്റ്റിലാകുമെന്നുമുള്ള സൂചനയും ഉദ്യോഗസ്ഥര്‍ നല്കുന്നു.
ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയെങ്കിലും ഡിവിഷന് ബെഞ്ച് അത് സ്റ്റേ ചെയ്തിരുന്നു. ഈ കുറ്റപത്രം കൂടി ചേര്‍ത്ത് അന്വേഷണം നടത്താനാണ് സി.ബി.ഐ.ക്ക് ഡിവിഷന് ബെഞ്ച് നല്കിയ ഉത്തരവ്. ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. സി.പി.എം. മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗം അയ്യങ്കാവ് വീട്ടില്‍ പീതാംബരന്, സജി സി. ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്, എ. സുബിന്, മുരളി താനിത്തോട്, രഞ്ജിത്ത്, പ്രദീപ്, ആലക്കോട് മണി, സി.പി.എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്, ഉദുമ മുന്‍ ഏരിയാ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠന് എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലുള്ള ഒന്നുമുതല്‍ 14 വരെയുള്ള പ്രതികള്‍. ഇതില്‍ ആദ്യ എട്ടുപേരാണ് കൃത്യത്തില്‍ നേരിട്ട് പങ്കാളികളായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഒമ്പത്, 10, 11 പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണുള്ളത്. 12, 13, 14 പ്രതികള്‍ക്കെതിരേയുള്ള കുറ്റം കൊലയ്ക്കുശേഷം പീതാംബരനുള്‍പ്പെടെ എട്ടുപേര്‍ക്കും ഒന്നിലേറെ കാര്യങ്ങളില്‍ സഹായം നല്‍കിയെന്നാണ്. ആലക്കോട് മണി, എന്‍. ബാലകൃഷ്ണന്, കെ. മണികണ്ഠന് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. മറ്റു 11 പേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്.
© Copyright Mathrubhumi 2021. All rights reserved.