മത്സരത്തിലുടനീളം ജര്‍മനിക്കായിരുന്നു മുന്‍തൂക്കം
മ്യൂണിച്ച്: യൂവേഫ യുറോ കപ്പില്‍ ജയത്തോടെ തുടങ്ങി ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്. ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ജര്‍മന്‍ പ്രതിരോധ താരം മാറ്റ്സ് ഹമ്മല്‍സിന്റെ ഓണ്‍ ഗോളാണ് ഫ്രഞ്ച് ജയം ഉറപ്പാക്കിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രാന്‍സാണ് ആക്രമണ ഫുട്ബോള്‍ സ്വീകരിച്ചത്. 15-ാം മിനുറ്റില്‍ ലഭിച്ച കോര്‍ണറില്‍ നിന്ന് പോള്‍ പോഗ്ബയുടെ ഹെഡര്‍ ഗോള്‍ വല കാണാതെ പോയി. തൊട്ടു പിന്നാലെ സൂപ്പര്‍ താരം കെയിലിയന്‍ എംബാപ്പയുടെ ഒറ്റയാള്‍ നീക്കം. ഇടതു വിങ്ങിലൂടെ എത്തിയ താരം തൊടുത്ത ക്രോസ് ജര്‍മന്‍ ഗോളി മനുവല്‍ ന്യൂയറിന്റെ അത്യുഗ്രന്‍ സേവ്.
വൈകാതെ തന്നെ ഫ്രാന്‍സ് മുന്നിലെത്തി. വലത് വിങ്ങില്‍ നിന്ന് പോഗ്ബ നല്കിയ ലോങ് പാസാണ് ഗോളിന് വഴിയൊരുക്കിയത്. പ്രതിരോധ താരം ഹെര്‍ണാണ്ടസ് ബോക്സിലേക്ക് ഓടിയെത്തി ഷോട്ടുതിര്‍ത്തു. ഹമ്മല്‍സിന്റെ കാലില്‍ തട്ടി പന്ത് വലയിലേക്ക്. മനുവല്‍ ന്യൂയറെന്ന ഇതിഹാസത്തന് എത്തിപ്പിടിക്കാനായില്ല അത്.
Also Read: UEFA Euro 2020 Portugal 3- 0 Hungary- Result: ഇരട്ട ഗോൾ നേടി റോണോ; ഹംഗറിയെ തകർത്ത് പോർച്ചുഗൽ
ഗോള്‍ വീണതോടെ ജര്‍മന്‍ മുന്നേറ്റ നിര ഉണര്‍ന്നു. അടുത്ത നിമിഷത്തില്‍ തന്നെ പ്രത്യാക്രമണം. തോമസ് മുള്ളറിന്റെ ഹെഡര്‍. ടോണി ക്രൂസിന്റെ ഫ്രീ കിക്ക്, ഗ്നാബ്രിയുടെ ,ഷോട്ടുകള്‍, അങ്ങനെ നീളുന്നു മികവുകള്‍. പക്ഷെ ഗോളുകള്‍ മാത്രം വീണില്ല എന്ന് മാത്രം.
മത്സരത്തിലുടനീളം ജര്‍മനിക്ക് തന്നെയായിരുന്നു മുന്‍തൂക്കം. 62 ശതമാനം പന്തടക്കം, പത്ത് ഷോട്ടുകള്‍. ഫ്രാന്‍സ് തൊടുത്തത് വെറും നാല് ഷോട്ടുകള്‍ മാത്രമാണ്. ജയത്തോടെ ഗ്രൂപ്പ് എഫില്‍ ഫ്രാന്‍സ് രണ്ടാമതെത്തി. ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയ പോര്‍ച്ചുഗലാണ് ഗ്രൂപ്പിലൊന്നാമത്.