മസ്ക്കറ്റ്> കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ഒമാനില്‍ മൂന്നുപേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിതരായ മൂന്നു പേരിലാണ് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവര്‍ ചികിത്സയിലാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് (മ്യൂക്കോമൈകോസിസ്) സ്ഥിരീകരിക്കുന്നത്. കോവിഡിനേക്കാള്‍ മാരകമായ ബ്ലാക്ക് ഫംഗസ് ഇതര രാജ്യങ്ങളിലേക്ക് പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു.
അതേസമയം, ഒമാനില്‍ കോവിഡ് മരണങ്ങള് ഗണ്യമായി ഉയര്‍ന്നു. ചൊവ്വാഴ്ച ആദ്യമായി മരണം 33 ലെത്തി. 2,126 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകള്‍ 238,566 ആയി. മരണം 2,565 ഉം. 212,064 പേര് കോവിഡ് മുക്തരായികോവിഡ് വക ഭേദങ്ങളായ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ എന്നിവ രാജ്യത്ത് വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ രോഗികള്‍ക്ക് ആശുപത്രികളില്‍ കിടക്ക ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് ഫീല്‍ഡ് ആശുപത്രി ഡയറക്ടര്‍ ഡോ.നബീല്‍ അല്‍ ലവാത്തി ഒമാന്‍ ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫീല്‍ഡ് ആശുപത്രി ശേഷി 200 കിടക്കകള്‍ വരെയാക്കി വര്‍ധിപ്പിക്കാന്‍ ശ്രമമുണ്ടെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് പ്രയാസമുണ്ടാക്കുന്നു. ഇവിടെ ചികിത്സയിലുള്ള രോഗികളില്‍ ഭൂരിഭാഗവും 60 നു താഴെ പ്രായക്കാര്‍. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിനം 24 രോഗികളെ വീതം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഡോ.നബീല്‍ പറഞ്ഞു.
നിലവിലെ കേസുകള്‍ കൂടുതല്‍ ഗുരുതരവും തീവ്രവുമാണ്. ഓക്സിജന്‍ അളവ് ഗുരുതരമായി കുറയല്‍, ശ്വസനപ്രശ്നങ്ങള്‍ എന്നിവയുമായാണ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. ആദ്യ തരംഗത്തില്‍ രണ്ടാമത്തെ ആഴ്ചയിലാണ് ഈ ലക്ഷണങ്ങള്‍ കണ്ടത്. ഇപ്പോള്‍ ആദ്യ ആഴ്ചയില്‍ തന്നെ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുന്നതായും ഡോ.നബീല്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..