വിജയത്തോടെ യൂറോ കപ്പ് നോക്കൗട്ട് റൗണ്ട് യോഗ്യത ഉറപ്പാക്കുന്ന ആദ്യ ടീമായി ഇറ്റലി
UEFA EURO 2020: യൂറോ കപ്പ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ രണ്ടാം ജയവുമായി ഇറ്റലി യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറിൽ പ്രവേശിച്ചു. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ എതിരില്ലാതെ മൂന്ന് ഗോളിനായിരുന്നു ഇറ്റലിയുടെ ജയം. മാനുവല്‍ ലൊക്കാറ്റലിയാണ് ഇറ്റലിക്കായി രണ്ടു ഗോളുകൾ നേടിയത്. സീറോ ഇമോബില്ലേയുടെയാണ് മൂന്നാം ഗോൾ. വിജയത്തോടെ യൂറോ കപ്പ് നോക്കൗട്ട് റൗണ്ട് യോഗ്യത ഉറപ്പാക്കുന്ന ആദ്യ ടീമായി ഇറ്റലി. ആദ്യ മത്സരത്തിൽ തുർക്കിക്കെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ച ഇറ്റലി ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്.
ആദ്യ മത്സരത്തില്‍ തുര്‍ക്കിയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ഇറ്റലി സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യം മുതൽ തന്നെ അസൂറികൾ മത്സരം കൈയ്യിലാക്കിയിരുന്നു. മത്സരത്തിന്റെ 19മത്തെ മിനിറ്റിൽ ഇറ്റലിയുടെ ക്യാപ്റ്റൻ ജോര്‍ജിയോ കെല്ലീനി ഒരു കോര്‍ണര്‍ ഗോളാക്കിയെങ്കിലും വാർ വിനയായി, റഫറി ഗോൾ നിഷേധിച്ചു.
പിന്നീട് 26 മതത്തെ മിനിറ്റിൽ മാനുവല്‍ ലൊക്കാറ്റലിയിലൂടെ ഇറ്റലി ആദ്യ ഗോൾ സ്വന്തമാക്കി. മൈതാനത്തിന്റെ മധ്യത്തിൽ നിന്ന് ലൊക്കാറ്റലി ബൊറാർഡിക്ക് നൽകിയ പന്ത് ബൊറാർഡി വലതു വിങ്ങിലൂടെ ഒറ്റക്ക് മുന്നേറി ബോക്സിനുള്ളില്‍ നിന്ന് ലൊക്കാറ്റലിക്ക് പാസ് നൽകി ലൊക്കാറ്റലി അത് അനായാസം ഗോളാക്കി മാറ്റുകയായിരുന്നു.
Read Also: UEFA Euro 2020 Schedule, Teams, Fixtures, Live Streaming: യൂറോകപ്പ് 2020 ഫിക്സ്ചർ
ആദ്യ ഗോളിന് ശേഷം സ്വിസ് പ്രതിരോധ നിരയെ ഇറ്റലി ഇടയ്ക്കിടെ വിറപ്പിച്ചെങ്കിലും 52മാത് മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. ലൊക്കാറ്റലിയുടെ വകയായിരുന്നു രണ്ടാം ഗോളും. ഈ തവണ ബോക്സിന് പുറത്തു നിന്നും ബാരെല്ല നല്കിയ പന്താണ് ലൊക്കാറ്റലി ഗോൾവര കടത്തിയത്. 89മത്തെ മിനിറ്റിൽ സീറോ ഇമോബില്ലേയിലൂടെ ഇറ്റലി മൂന്നമത്തെ ഗോളും നേടി. ബോക്സിന് പുറത്തു നിന്നും ഇമോബില്ലേ തൊടുത്ത ഷോട്ട് സ്വിസ് ഗോളിയുടെ കൈകളില്‍ കൈകളിൽ തട്ടി ഗോളാവുകയായിരുന്നു.