16 വർഷം നീണ്ട കരിയറിനു ശേഷമാണ് റാമോസ് പടിയിറങ്ങുന്നത്
റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച പ്രതിരോധ നിര താരമായ സെർജിയോ റാമോസ് ക്ലബ് വിടുന്നു. നാല് ചാമ്പ്യൻസ് ലീഗ് ടൈറ്റിലുകൾ ഉൾപ്പടെ നേടിയ 16 വർഷം നീണ്ട കരിയറിനു ശേഷമാണ് റാമോസ് പടിയിറങ്ങുന്നത്. റാമോസ് ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച മാഡ്രിഡ് താരത്തിന് യാത്രയയപ്പ് നൽകുന്നതിന് വ്യാഴാഴ്ച പത്രസമ്മേളനം വിളിച്ചു.
2005ലാണ് സെവിയയിൽ നിന്നും റാമോസ് റയല്‍ മാഡ്രിഡിലേക്ക് എത്തിയത്. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങൾക്ക് പുറമെ അഞ്ച് ലാലീഗ കിരീട വിജയങ്ങളിലും റാമോസ് പങ്കാളിയായിരുന്നു. റയലിനു വേണ്ടി 671 മത്സരങ്ങളാണ് റാമോസ് കളിച്ചിട്ടുള്ളത്. റയലിനായി 101 ഗോളുകളാണ് താരം നേടിയത്. റയലിന്റെ 22 കിരീട വിജയങ്ങളിൽ താരം പങ്കാളിയായിരുന്നു.
Read Also: UEFA EURO 2020: ഇരട്ട ഗോളുമായി ലൊക്കാറ്റലി; ഇറ്റലി പ്രീക്വാർട്ടറിൽ
ലാ ലീഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പ്രതിരോധ താരമാണ് റാമോസ്. ഈ കഴിഞ്ഞ സീസണിൽ പരുക്കുമൂലം നിരവധി മത്സരങ്ങൾ നഷ്ടമായ താരത്തിന് യൂറോ കപ്പിനുള്ള സ്പെയിൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചിരുന്നില്ല. 2008,2010,2012 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് വർഷം യൂറോ കപ്പ് നേടിയ ടീമിലെ അംഗം കൂടിയായിരുന്നു റാമോസ്.