തിരുവനന്തപുരം: വനഭൂമിയില്‍ മരംമുറി ഉണ്ടായിട്ടില്ലെന്നും തെറ്റായ നടപടി ഉണ്ടായെങ്കില്‍ പരിശോധിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്. മരംമുറിക്ക് കാരണമായ ഉത്തരവില്‍ തെറ്റില്ലെന്ന മുന്‍ നിലപാടും മന്ത്രി ആവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു വില്ലേജ് ഓഫീസറുടെ നടപടിയാകാം മരംമുറിക്ക് പിന്നില്‍. ഉത്തരവില്‍ വീഴ്ചയുണ്ടായെന്ന് ഒരു കത്തിലും പറയുന്നില്ലെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന്റെ മരങ്ങള്‍ മുറിച്ചുപോയിട്ടുണ്ടെങ്കില്‍ അത് തെറ്റായ നടപടിയാണ്. അത് ഉത്തരവിന്റെ ഭാഗമല്ല. ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്തതാണ്. തെറ്റായ നടപടിക്ക് ആരെങ്കിലും കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ എല്ലാ കൃത്യതയോടെയും പരിശോധിക്കും. പരിശോധനയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുകയും ചെയ്യും. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പേടിക്കാനില്ല.
സര്‍ക്കാരിന്റെ കൈകള്‍ വളരെ ശുദ്ധമാണ്. ഉത്തരവില്‍ അപകടമില്ല. അത് ദുര്‍വ്യാഖാനം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഒരു യാഥാര്‍ത്ഥ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്, ഈ ഉത്തരവില്‍ മാത്രമല്ല, ഏത് ഉത്തരവിലും എന്തിന്റെ അടിസ്ഥാനത്തില്‍ ചെയ്തതാണെങ്കിലും അത് തെറ്റാണ്. തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും. ഒരാളെയും സംരക്ഷിക്കാന്‍ ശ്രമിക്കില്ല. ഉത്തരവിനെ തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിച്ചത് ആരാണെങ്കിലും കര്‍ശനമായ നടപടിയുണ്ടാകും. പുതിയ എഫ്.ഐ.ആര്. കണ്ടിട്ടില്ല. സംഭവത്തില്‍ പൊതു അന്വേഷണമാണ് നടക്കുന്നതെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.
Content Highlight: Muttil tree felling case, Revenue minister press meet