കോവിഡ് അടച്ചുപൂട്ടല്‍ കാലത്ത് പഴയ രുചികള്‍ പുതുമയോടെ വീടുകളില്‍ തിരിച്ചു വരികയാണ്. മാമ്പഴം തൊടികളില്‍ ധാരാളമായി ഇത്തവണ പഴുത്ത് വീഴുകയായിരുന്നു. അവ പെറുക്കിയെടുക്കാനും മാവില്‍ നിന്ന് പറിക്കാനുമൊന്നും ആളുകളില്ലാത്തതിനാല്‍ കിളികള്‍ക്കും,അണ്ണാനുമെല്ലാം ചാകരയായി. കോവിഡ് കാലത്ത് മാങ്ങ വാങ്ങാന്‍ ആരുമെത്തിയിരുന്നില്ല. ദിവസവും മാമ്പഴ പുളിശ്ശേരിയും,മാമ്പഴ പൂളുകളും മഹാമാരിക്കാലത്ത് തീന്മേശ കീഴടക്കി. എങ്കിലും പാഴാകുന്ന മാങ്ങകള്‍ കണ്ടപ്പോഴാണ് ഏല്യാമ്മടീച്ചര്ക്ക് ഒരു പഴയ സൂത്രം ഓര്‍മ്മ വന്നത്. മാമ്പഴമെല്ലാം മാമ്പഴതിരയാക്കിയാലോ എന്ന്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും, മണലിത്തറ സ്ക്കൂളിലെ പ്രധാന അധ്യാപികയുമായിരുന്ന എം.എസ്.ഏല്ല്യാമ്മ. ടീച്ചര്‍ ഒരു മികച്ച കര്‍ഷക കൂടിയാണ്. പണ്ട് മാമ്പഴതിര പഴയ തറവാടുകളിലെല്ലാം തയ്യാറാക്കുന്ന രീതിയുണ്ടായിരുന്നു. ഉതിര്‍ന്ന് തൊടി നിറയെ കിടക്കുന്ന മാമ്പഴം പ്രയോജനപ്പെടുത്തുന്നതിനുളള ആശയം കര്ഷകന് കൂടിയായ ഭര്‍ത്താവ്, മുന്‍ അധ്യാപകന് തോമസ് മാത്യുവുമായി പങ്കുവെച്ചപ്പോള്‍ അത് മാമ്പഴതിര തയ്യാറാക്കാനുളള തീരുമാനത്തിലെത്തി.
മാമ്പഴം കഴുകിയെടുത്ത് തൊലി നീക്കി കാമ്പ് മിക്സിയില്‍ അടിച്ചെടുത്ത് പരന്ന പാത്രത്തിലോ,തഴപ്പായയിലോ തേച്ചു പിടിപ്പിക്കും. മൂന്നു ദിവസം തേച്ചതിനു മീതെ വീണ്ടും മാമ്പഴ ചാറ് തേച്ച് വെയിലത്ത് ഉണക്കും. തുടര്‍ന്ന് പൊളിച്ചെടുത്ത് കഷണങ്ങളാക്കി ഭരണിയില്‍ ഇട്ട് തേന്‍ ഒഴിക്കുന്നതാണ് രീതി. മാമ്പഴക്കാലത്തിനു ശേഷവും മാമ്പഴത്തിന്റെ രുചി ഏറെക്കാലം ഇതുവഴി വീടുകളില്‍ നിലനിര്‍ത്തിയിരുന്നു.
മാമ്പഴതിരയുടെ പഴയ രുചി ടീച്ചര്‍ വീണ്ടെടുത്തത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാനും ഇവര്‍ മറന്നില്ല.അതോടെ മാമ്പഴതിരയ്ക്ക് ആവശ്യക്കാരുമെത്തി. എല്ലാവര്ക്കും രുചിയറിയാനുള്ള കൗതുകമായിരുന്നു. അതോടെ ഇരുവരും മാമ്പഴതിരയെ ഹോംമേഡ് ചോക്ലേറ്റിന്റെ രൂപത്തിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്തു.
Content Highlights: Mampazhathira Kerala nadan taste for preserving Mango fruit